Thursday, September 10, 2015

ഒരു ജാതി ഒരു മതം ഒരു ദൈവം !

പള്ളിയില്‍ അടയിരിക്കുന്ന ഏതു ക്രിസ്ത്യാനിയെക്കളും ആഴത്തില്‍ ബൈബിള്‍ വായിച്ചു പഠിച്ചിട്ടുള്ള ഒരു കമ്മ്യൂണിസ്റ്റ്‌ ഒരിക്കല്‍ എന്നോട് പറഞ്ഞു. "ക്രിസ്തു പറഞ്ഞതും ചെയ്തതും എല്ലാം വളരെ മഹത്തായ കാര്യങ്ങളാണ്. ലോകം കണ്ടതില്‍ വെച്ചേറ്റവും വലിയ സാമൂഹ്യ  പരിഷ്കര്‍ത്താക്കളില്‍ ഒരാളായിരുന്നു യേശു.  അന്നത്തെ അനാചാരങ്ങളെയും, അന്ധ വിശ്വാസങ്ങളെയും എതിര്‍ത്ത വിപ്ലവകാരി. ഒരര്‍ത്ഥത്തില്‍ ഒരു തികഞ്ഞ കമ്മ്യൂണിസ്റ്റ്‌. മരണ ശേഷം കര്‍ത്താവിനെ ദൈവമാക്കിയത്  പുള്ളിക്കാരനോട് ചെയ്ത ഏറ്റവും വലിയ ചതിയാണ്. "

ഇനി ശ്രീനാരായണ ഗുരുവിന്റെ ഊഴം !

ആലോചിച്ചപ്പോള്‍ എനിക്കും തോന്നി, സത്യം. മാറ്റുവിന്‍ ചട്ടങ്ങളെ എന്നത് തന്നെയാണ് ക്രിസ്തുവിന്റെ പ്രവര്‍ത്തനങ്ങളുടെ ആകെത്തുക. പരസ്പരം സ്നേഹിക്കൂ, എല്ലാവരെയും ഒരുപോലെ കാണൂ, അങ്ങനെ കുറെ നല്ല കാര്യങ്ങള്‍. സാബത് മനുഷ്യന് വേണ്ടിയാണു, മനുഷ്യന്‍ സാബതിനു വേണ്ടിയല്ല എന്ന് പറഞ്ഞ ക്രിസ്തുവിന്റെ പേരില്‍ തുടങ്ങിയ ക്രിസ്തു മതം, ഞായറാഴ്ച  പാളിയില്‍ പോകണം എന്ന് നിഷ്കര്‍ഷിക്കുന്നു.

വെള്ളാപ്പള്ളിയും കൂട്ടരും ഇന്ന് ശ്രീനാരായണ ഗുരുവിനോട് ചെയ്യുന്നതും ഇതേ ചതി ആണല്ലോ. കേരളം  കണ്ഫ്ടിട്ടുള്ള ഏറ്റവും വലിയ സാമോഹ്യപരിഷ്കര്തവായ ഗുരുദേവനെ ദൈവമാക്കിയതും പോരഞ്ഞ്ട്ടു,  അദ്ദേഹം  മതം ഉപേക്ഷിച്ചത് ദൈവം ആയപ്പോഴനെന്നു വരെ പറഞ്ഞ കളയുന്നു.

പണ്ടത്തെപൂജരിയുടെയും പൂച്ചയുടെയും കഥ അറിയാത്തവരുണ്ടോ. അതായത് പണ്ട് പണ്ട് ഒരു ക്ഷേത്രത്തിലെ പൂജാരിക്ക് ഒരു പൂച്ച ഉണ്ടായിരുന്നു. പൂജ സമയത്ത് പൂച്ച ശല്യപ്പെടുതതിരിക്കാന്‍, പൂജാരി അതിനെ സ്രീകൊവിളിനടുതൊരു തൂണില്‍കീട്ടിയിട്ടാണ് പൂജ ചെയ്തു കൊണ്ടിരുന്നത്. പൂജാരിയും, പൂച്ചയും ഒക്കെ അവിടുന്ന് പോയിക്കഴിഞ്ഞിട്ടും ആള്‍ക്കാര്‍ ആ മനോഹര ആചാരം തുടര്‍ന്ന് കൊണ്ടേ ഇരുന്നു. പൂജ സമയത്ത് ഒരു പൂച്ചയെ തൂണില്‍ പിടിച്ചു കെട്ടുക എന്ന ആചാരം.

ആചാരങ്ങളും, ദൈവങ്ങളെയും ഉണ്ടാക്കാന്‍ ഏറ്റവും എളുപ്പമുള്ള ഒരു നാടാണ് നമ്മുടെത് എന്നതിരിച്ചറിവില്‍ നിന്നാണല്ലോ ആള്‍ദൈവങ്ങളുടെയും  പുണ്യ പുരുഷത്മാക്കളുടെയും ഒക്കെ വരവ്. തീര്‍ച്ചയായും ഗുരുദൈവതിനും നല്ല മാര്‍ക്കറ്റ്‌ ഉണ്ടാവും.


































































 

Saturday, May 23, 2015

ഭാഗ്യം.. സേവ്യര്‍ ഖാന്‍ വട്ടയിലിനോട്  "same sex marriage നെതിരെ വോട്ട് ചെയ്യാന്‍ പ്രസംഗിക്കൂ"   എന്ന് പറയാന്‍ കാണിച്ച ശുഷ്കാന്തി ദൈവം വോട്ട് അട്ടിമറിക്കാന്‍ കാണിച്ചില്ല.  Well done Ireland!!!

Thursday, April 16, 2015

My choice

നമ്മുടെ  ഇന്ത്യാ  മഹാരാജ്യത്തില്‍ ഇന്ന് വരെ കേള്‍വി കേട്ടിട്ടില്ലാത്ത ഒരു കാര്യമായിരുന്നു  "to have sex outside of marriage"  അഥവാ വിവാഹേതര ലൈംഗികബന്ധങ്ങള്‍. നിങ്ങളൊക്കെ കേട്ട് കാണുമല്ലോ അല്ലേ ഈയിടെ നാണോം മാനോമില്ലാത്ത ഒരു നടി പറഞ്ഞുവത്രേ "to have sex outside of marriage - my choice" എന്ന്. അതായത്  അത് അവരടെ ഇഷ്ടമാണത്രെ - അതും ബ്രായുടെ വള്ളിയൊക്കെ കാണിച്ച് - മ്ലേച്ചം എന്നല്ലാതെ എന്താ പറയുക അല്ലേ. എന്തായാലും, ആരും വെറുതെ അത് കേട്ടിരുന്നില്ല.. നമ്മുടെ മഹത്തായ സംസ്കാരത്തിനെതിരെ പ്രവര്‍ത്തിച്ച അവരെയും, ആ വീഡിയോയെയും, എല്ലാവരും കൂടി കടന്നാക്രമിച്ചു. ഭാഗ്യം, അങ്ങനെ നമ്മുടെ സംസ്കാരം ഒരു കേടും കൂടാതെ രക്ഷപ്പെട്ടു.

ശീലാവതിയുടെ നാടായ നമ്മുടെ നാട്ടിലെ പെണ്ണുങ്ങള്‍ ഇങ്ങെയൊക്കെ പറയുന്ന അവസ്ഥ - എത്ര ശോചനീയം അല്ലേ... ശീലാവതിയെ അറിയാത്ത ആരെങ്കിലും ഉണ്ടോ - വേശ്യകളെ സന്ദര്‍ശിക്കല്‍ ശീലമാക്കിയ ഭര്‍ത്താവിനു നടക്കാന്‍ വയ്യാതെ ആയപ്പോള്‍ ആ മുഖത്തെ വിഷമം കണ്ടു ഭര്‍തൃ ശുശ്രൂഷ  വ്രതമാക്കിയ ആ വനിതാ രത്നം ആരാഞ്ഞു - 'കാന്താ എന്താണ് അങ്ങയുടെ വിഷമത്തിന് കാരണം'. വേശ്യാ ഗൃഹത്തില്‍ പോവാന്‍ സാധിക്കാത്തതാണെന്ന  മറുപടി കേട്ട് ആ പതിവ്രതാ രത്നം ആ ഭര്‍ത്താവിനെ ചുമന്നു വേശ്യ ഗൃഹത്തില്‍ എത്തിച്ചു .എന്തൊരു മഹത്തായ സ്നേഹം അല്ലേ, ഓര്‍ക്കുമ്പോള്‍ ഇന്നും എന്റെ കണ്ണ് നിറയുന്നു - ഉദാത്ത സ്നേഹത്തിന്റെ ഉത്തമ മാതൃക അല്ലേ- അല്ലെങ്കില്‍, the ultimate indian male fantasy -  വേശ്യാഗൃഹത്തിലേക്ക്  അവനെ ചുമന്നു കൊണ്ട് പോവുന്ന സ്നേഹവതിയായ ഭാര്യ-  അതേ, അവന്റെ ആഗ്രഹത്തിന്റെ കഥകള്‍ അവന്‍ വേദ പുസ്തകങ്ങളായും പുരാണങ്ങള്‍ ആയും  എഴുതി വെച്ച്  അത് വായിച്ചു കേള്‍പ്പിച്ചു, അവനു വേണ്ടുന്ന രീതിയില്‍ ചിന്തിക്കുന്ന സ്ത്രീകളെ വളര്‍ത്തിയെടുക്കുന്നു. സ്ത്രീകളെ അവനു വേണ്ട രണ്ടു രൂപത്തില്‍ ഒന്നിലേക്ക് ചുരുക്കുന്നു - വളര്‍ത്തു മൃഗങ്ങളായ ശീലാവതികളും, ആഗ്രഹ പൂരണത്തിന് വേശ്യകളും - അതെ, കുലടകളും കുലസ്ത്രീകളും... രണ്ടേ രണ്ടു തരം സ്ത്രീകളെയെ അവനു ആവശ്യമുള്ളൂ - അവനു വെച്ച് വിളമ്പി കൊടുത്തു അവന്‍ പറയുന്നത് അനുസരിച്ച്, അവനല്ലാതെ മറ്റൊരാളെ പറ്റി ചിന്തിക്കാതെ , അവന്റെ കുഞ്ഞുങ്ങളെ പെറ്റു പ്രസവിച്ചു വളര്‍ത്താന്‍ വീട്ടിലൊരു ശീലാവതി.  ആഗ്രഹ പൂരണത്തിന് കുലടകള്‍, അവിടെയ്ക്ക് അവനെ ചുമക്കാന്‍ പോലും തയാറാവുന്ന ശീലാവതി...  ആഹാ, അതല്ലേ സ്വര്‍ഗം!

പാതിവ്രത്യത്തിന്റെ  മഹത്വംപ്രഘോഷിക്കുന്ന മഹര്‍ഷികളും, ക്രിസ്തു ശിഷ്യനും ഒക്കെ ഒരേ സ്വരത്തില്‍ പറയുന്നു - "സ്ത്രീകളെ നിങ്ങള്‍ ഭര്‍ത്താക്കന്മാര്‍ക്ക് കീഴ്വഴങ്ങി ജീവിക്കുവിന്‍" അവന്റെ ഇഷ്ടങ്ങള്‍ നിറവേറ്റുന്നതാണ് നിന്റെ ജീവിതത്തിന്‍റെ ലക്ഷ്യവും, മാര്‍ഗവും. അവന്റെ ഇഷ്ടം വേശ്യാഗൃഹങ്ങളായാല്‍ പോലും. അല്ലെങ്കിലും പാതിവ്രത്യം പോലെ ഒരു പത്നീവ്രതം ഇല്ലല്ലോ അല്ലേ... പുല്ലിംഗങ്ങളില്ലാത്ത കുറെ നാമങ്ങളല്ലേ കന്യകയും, പതിവ്രതയുമൊക്കെ. പാതിവ്രത്യത്തിന്റെ  ശക്തിയ്ക്ക് മുന്നില്‍ ത്രിമൂര്‍ത്തികള്‍ക്ക് പോലും രക്ഷപ്പെടാന്‍ ആയില്ല. ശിശുക്കള്‍ ആക്കി കളഞ്ഞില്ലേ മൂന്നു പേരെയും ഒരു പതിവ്രത.  പത്നീവ്രതം, ഇങ്ങനെ പാതിവ്രത്യം പോലെ ശക്തിയുള്ള ഒരു സംഭവം ഒന്നുമല്ലല്ലോ..

വൈറ്റ് ഹൌസിലെ ക്ളിന്റന്‍റെ കേളികള്‍ ആയാലും ശരി, മലയാളി ഹൌസിലെ രാഹുല്‍ ഈശ്വരിന്റെ കളികളായാലും ശരി, അതിനെ ന്യായീകരിക്കാന്‍ ഒരു ശീലാവതി ഭാര്യ എന്നും അവന്റെ ഒപ്പം ഉണ്ടാവും.. ലോകം മുഴുവന്‍ ആ ഭാര്യയുടെ സ്നേഹം കണ്ടു അവനോടു പൊറുക്കും.."ആ പരിപ്പ് ഇവിടെ വേവില്ല "എന്ന് പറയുന്ന അഭിനവ ശീലാവതികള്‍, സ്ത്രീ മാഹാത്മ്യത്തിന്റെ ഉദാത്ത മുഖങ്ങള്‍ കാണിച്ചു ഇന്നും നമ്മെ കോരി ത്തരിപ്പിക്കുന്നു.  ഭര്‍ത്താക്കന്മാര്‍ സമാധാനത്തോടെ വേശ്യാഗൃഹങ്ങള്‍ തേടിപോവുന്നു. സ്വര്‍ണ ബെല്‍റ്റ്‌ കഴുത്തില്‍ കെട്ടി, നെറ്റിയില്‍ ചുട്ടി കുത്തി, മണിമേടയില്‍ അവന്‍ ഒരു വളര്‍ത്തു മൃഗത്തെ വളര്‍ത്തുന്നുണ്ട് - അവന്റെ തെറ്റുകളെ ഒക്കെ വെളുപ്പിക്കാന്‍, ഇല്ല എന്റെ കുട്ട്യോളുടെ അച്ഛന്‍ അങ്ങനെ ഒന്നും ചെയ്യില്ല എന്ന് പറയാന്‍.  ആ ഭാര്യമാരെ കണ്ടു മറ്റു പുരുഷന്മാരും പുളകിതരാവുന്നു, മറ്റു സ്ത്രീകള്‍ക്ക് അത് പ്രചോദനം  ആവുന്നു. അങ്ങനെ നമ്മുടെ സമൂഹം, നമ്മുടെ മഹത്തായ സംസ്കാരത്തെ സംരക്ഷിച്ചു നിര്‍ത്തുന്നു..  കഷ്ടം.. ശീലാവതികളുടെ ദയനീതയിലും എത്ര ഭേദമാണല്ലേ വേശ്യകളുടെ സ്വാതന്ത്ര്യം!

അങ്ങനെ കഷ്ടപ്പെട്ട് നാം നമ്മുടെ സംസ്കാരത്തെ അഭിനവ ശീലാവതികളിലൂടെ സംരക്ഷിച്ചു നിര്ത്തുമ്പോളാണ് ഒരു സ്ത്രീ, അതും ഒരു നടി പറയുന്നത് - "to have sex outside of marriage - my choice" എന്ന്.  പെണ്ണുങ്ങള്‍ അവിഹിതബന്ധത്തിലേര്‍പ്പെടുകയേ, അത് നമ്മുടെ സംസ്കാരത്തെ മുച്ചൂടും മുടിച്ചു കളയില്ലേ.. കൊച്ചുന്നാളില്‍ മരം കയറുമ്പോള്‍ ആരോ പറഞ്ഞു - 'പെണ്ണ് മരം കയറിയാല്‍ നാട് മുടിയും' എന്ന്.  അതെ, പല കാര്യങ്ങളും അങ്ങനെയാണ്, പെണ്ണ് ചെയ്‌താല്‍ നാട് മുടിയും.. അതൊക്കെ പുരുഷന്റെ കുത്തകാവകാശങ്ങളല്ലേ, മരംകയറുന്നതായാലും,  fantasyകള്‍ നിറവേറ്റാന്‍ വീട്ടിലെ ശീലാവതിയെ ശല്യപ്പെടുത്താതെ, മറ്റു സ്ത്രീകളെ തേടിപ്പോവുന്നതായാലും.. അനുസരിക്കാന്‍ മാത്രം പഠിപ്പിച്ചു തീറ്റി കൊടുത്തു വളര്‍ത്തുന്ന വളര്‍ത്തു മൃഗങ്ങള്‍, ചങ്ങല പൊട്ടിച്ചു ഉടമസ്ഥന്റെ നേരെ കുരച്ചാല്‍, തീര്‍ച്ചയായും നമ്മുടെ സംസ്കാരം നശിച്ചു പോവും..

എന്തായാലും, സകല പുരുഷന്മാരും, അവരുടെ അനുസരണയുള്ള വളര്‍ത്തു മൃഗങ്ങളും കൂടെ പല്ലും നഖവും ഉപയോഗിച്ച് ആ വീഡിയോ യെയും, നടിയും ആക്രമിച്ചു,   മറ്റു വളര്‍ത്തു മൃഗങ്ങളെ അങ്ങനെ ചിന്തിക്കുന്നതില്‍ നിന്നും പിന്തിരിപ്പിച്ചു.  നമ്മുടെ സംസ്കാരം ഒരിക്കല്‍ കൂടെ പാശ്ചാത്യ രീതികളുടെ കരാളഹസ്തങ്ങളില്‍ നിന്ന് രക്ഷപ്പെട്ടു.  ഇത് നാട് വേറെയാണ് മോളേ, ശീലാവതികളുടെ നാട്!! The only choice is to forgive the husbands who have sex outside of marriage. It's their privilege, not our choice. കുഞ്ഞുമാണിയായാലും, വല്യ നാടാരായാലും, വേശ്യകളെ തേടി പോവുന്ന ഭര്‍ത്താക്കന്മാരോട്  ക്ഷമിക്കുക എന്നതാണ് ഞങ്ങളുടെ ഒരേ ഒരു ചോയ്സ്. അതെ - ആ പരിപ്പ് ഇവിടെ വേവില്ല!!!

Friday, March 27, 2015

എന്റെ ത്രേസിക്കുട്ടീ

തുരു തുരാന്നു എന്റെ  facebook photo ഒക്കെ mathew purappanthanam like ചെയ്യുന്നത് കണ്ടു, അപ്പനോട് ചോദിച്ചു - അപ്പനെന്താ like മത്സരത്തിനുള്ള പുറപ്പാടാണോ എന്ന്. അപ്പന്‍ പറഞ്ഞു - 'ഓ.. like കുറവുള്ളതൊക്കെ  അങ്ങ്  ലൈക്കിയേക്കാം എന്ന് വിചാരിച്ചു'

അപ്പൊ സൈഡീന്നു  മമ്മി - "ഞാനും  കൂടെ like  ചെയ്തേക്കാമെന്ന്  വിചാരിച്ചു  ഞാന്‍ likeഇല്‍ ഒന്നൂടെ  തോട്ടപ്പോ like  കുറഞ്ഞു  പോയെടീ"

എന്‍റെ ത്രേസിക്കുട്ടീ ,  ഈ തമാശകള്‍ ഇല്ലായിരുന്നേല്‍ ലൈഫാകെ dull ആയി പോയേനെ. :)

Thursday, March 26, 2015

My beliefs

My beliefs are mine. They are my personal preferences. My religious views are mine. I do not try to impose my beliefs on anybody, and I expect the same from others.

To my Christian friends: Yes, I do not go to church every Sunday. I do not follow the religious customs. I believe in "being kind to others" and being honest and following my principles. I believe that loving fellow human beings despite cast, creed, color etc etc is better than any other forms of worship. 'Not going to church' is not degrading me like taking drugs or committing a crime!

To my religious friends from other religions : No, I am not responsible for the Pentecost pastor's stupidity or the Catholic priests' faults. I despise them as much as you do. I despise any forms of religious stupidity. Yet I respond sometimes, when I see you targeting a specific religion, being blind to the faults of yours!

To my atheist friends : Yes, I do believe in God. For some reason, when I am in my darkest and deepest lonely places, when I do not see any light in the tunnel, that belief helps me keep going. So I love to believe that there is a loving God, to love me, despite all my defects, the defects which sometimes make me unworthy of other peoples' affection. And yes, at times I like to go to church and pray because it gives me peace of mind. If that makes me naive, fine. But I am as rational as you are!

(God, now I feel like I do not belong anywhere. I am from an alien religion or something! May be I should start one :D )

BUT... Above all, I despise those who propagate hatred to other religions and mock others' beliefs. You follow your stupidity, let them follow theirs! Live and let live! Stop spreading hatred based on religion! Every religion has some or other form of stupid traditions.

Sunday, March 1, 2015

ഞാന്‍ ഒരു ഇന്ത്യന്‍ സ്ത്രീ

ഞാന്‍ ഒരു  ഗഗനചാരി  ആയാലും ചൊവ്വയില്‍ പോയി മടങ്ങി വന്നാലും ഞാന്‍ വീട്ടില്‍ എത്തുമ്പോള്‍ ചാര് കസേരയില്‍ കാലു നീട്ടിയിരിക്കുന്ന ഭര്‍ത്താവിനു ചായ എടുത്തു കൊടുക്കാനായിഅടുക്കളയിലേക്കു ഓടും. കാരണം ഞാന്‍ ഒരു ഇന്ത്യന്‍ സ്ത്രീ ആണ്.

സ്ത്രീശാക്തീകരണത്തെ പറ്റി  എഴുതുകയും വായിക്കുകയും  സംസാരിക്കുകയും  ചെയ്തിട്ട്  ഞാന്‍ എന്‍റെ മകളോട്  പറയും 'അടങ്ങി  ഒതുങ്ങി  നടക്ക്  നീ ഒരു പെണ്‍കുട്ടി അല്ലേ. കാരണം ഞാന്‍ ഒരു ഇന്ത്യന്‍ സ്ത്രീ ആണ്.

സ്ത്രീധനത്തിനെതിരെ  ഞാന്‍ ഘോര ഘോരം  സംസാരിക്കും. എന്റെ സഹോദരന്‍  കല്യാണം കഴിച്ചപ്പോള്‍ അവനോ അഛനോ  സ്ത്രീധനം വാങ്ങിയില്ല എന്ന്  എല്ലാവരോടും  അഭിമാനത്തോടെ പറയും. പക്ഷെ എന്റെ  പ്രതിശ്രുത  വരന്റെ  അച്ഛന്‍ ചോദിച്ച സ്ത്രീധനം ഉണ്ടാക്കാന്‍ നെട്ടോട്ടമോടുന്ന എന്റെ അച്ഛനെ നോക്കി  ഞാന്‍ മൌനം പാലിക്കും. കാരണം ഞാന്‍ ഒരു ഇന്ത്യന്‍ സ്ത്രീ ആണ്.

അടുക്കള എന്നത് വെറുപ്പുള്ള  ഒരു സ്ഥലം  ആയിരുന്നെങ്കിലും, അമ്മ എത്ര വിളിച്ചാലും അവിടേക്ക് തിരിഞ്ഞു നോക്കില്ലായിരുന്നു എങ്കിലും,കല്യാണത്തിന്റെ  പിറ്റേന്ന് മുതല്‍ ഞാന്‍ ഞാന്‍ സമയം ചെലവഴിക്കുന്നതത്രയും അടുക്കളയില്‍ ആവും.  ഭക്ഷണമുണ്ടാക്കാന്‍ അറിയാത്തതില്‍ എനിക്ക് കുറ്റബോധം തോന്നും. അത് പഠിക്കാന്‍ വേണ്ടി ഞാന്‍ പെടാപ്പാടു പെടും. ഒപ്പമുള്ള ഭര്‍ത്താവിനും അതറിയില്ല എന്നത് അയാളുടെ  കുറവായി  ഞാന്‍ കാണില്ല .  പക്ഷെ എനിക്കതറിയാത്തത് എന്റെ കുറവാണെന്ന് അയാള്‍ക്കും അയാളുടെ വീട്ടുകാര്‍ക്കും തോന്നും,  അത്എന്റെ കുറവാണെന്ന് തന്നെ ഞാന്‍ വിശ്വസിക്കും. ആ കുറവ് നികത്താന്‍ പെടാപ്പാടു പെടും. കാരണം ഞാന്‍ ഒരു ഇന്ത്യന്‍ സ്ത്രീ ആണ്.

കൂട്ടുകാരി ഒരു കളിവാക്കില്‍ പോലും എന്‍റെ മാതാപിതാക്കളെ കുറ്റപ്പെടുത്തിയാല്‍ ഞാന്‍ തീവ്രമായി പ്രതികരിക്കും, അതെനിക്ക് സഹിക്കില്ലെന്ന് പറയും. പക്ഷേ ഭര്‍ത്താവിന്റെ വീട്ടുകാര്‍ എന്നെയും എന്റെ വീട്ടുകാരെയും അധിക്ഷേപിച്ചാല്‍  ഞാന്‍ മൌനം പാലിക്കും. കാരണം ഞാന്‍ ഒരു ഇന്ത്യന്‍ സ്ത്രീ ആണ്. എന്റെ അമ്മ എന്നോട് പറഞ്ഞിട്ടുണ്ട് അതവരുടെ അവകാശം ആണെന്ന്.

എവിടെ എങ്കിലുംഒരു ഒളി ക്യാമറയില്‍ കുടുങ്ങി എന്റെ ശരീരഭാഗങ്ങളുടെ ചിത്രം പുറത്തായാല്‍ ഞാന്‍ ആത്മഹത്യ   ചെയ്യും.  കാരണം  ഞാന്‍ ഒരു  ഇന്ത്യന്‍  സ്ത്രീ ആണ്.  പോവുന്നത് എന്റെ  മാനം ആണ് .  അത് ചെയ്യുന്നവന്‍ കുറ്റവാളി ആവുന്നതെങ്ങനെ ?  അതെന്റെ  അശ്രദ്ധ അല്ലേ....

എന്നെ  ആരെങ്കിലും  ബലാത്സംഗം  ചെയ്താലും  ഞാന്‍ ആത്മഹത്യ  ചെയ്യും.  കാരണം  ഞാന്‍ ഒരു  ഇന്ത്യന്‍  സ്ത്രീ ആണ്.    മാനം നഷ്ടപ്പെട്ടാല്‍ പിന്നെ ഞാന്‍ എങ്ങനെ ജീവിക്കും  .  അത് ചെയ്യുന്നവനും  കുറ്റവാളി അല്ല.   അതെന്റെ  വസ്ത്രത്തിന്റെ തെറ്റാവാം.. ഞാന്‍ ആ സമയത്ത് അവിടെ  പോയത്  കൊണ്ടാവാം.. അതെന്റെ തെറ്റല്ലേ...

  വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടുകളും അഭിപ്രായങ്ങളും ഉണ്ടെങ്കിലുംസാമൂഹിക ബോധംകുറവായ അവനും   കൂട്ടുകാരും രാഷ്ട്രീയംപറയുമ്പോള്‍ ഞാന്‍അവിടെ ശബ്ധിക്കാറില്ല. കാരണം ഞാന്‍ ഒരു ഇന്ത്യന്‍സ്ത്രീ ആണ്. എനിക്ക് സാരിയെപറ്റിയും സ്വര്‍ണത്തെ പറ്റിയും പാചകത്തെ പറ്റിയുംമാത്രമേ അഭിപ്രായം ഉണ്ടാവാന്‍ പാടുള്ളൂ.

അവന്‍ മതങ്ങളെ  എതിര്‍ക്കുന്നു.  അതില്‍  വിശ്വസിക്കുന്നില്ല,  ആരാധനാലയങ്ങളില്‍  പോവാറില്ല  എന്ന്  പറയുമ്പോള്‍  അവര്‍  പ്രോത്സാഹിപ്പിക്കുന്നു.  എത്ര  പുരോഗമന  ആശയങ്ങളാണ് അവന്റെ  എന്ന്  പറയുന്നു.  ഞാന്‍ ആരാധനാലയങ്ങള്‍  ഇഷ്ടപ്പെടുന്നില്ല  എന്ന് പറയുമ്പോള്‍  അവര്‍  എന്നെ ആക്രമിക്കുന്നു.  കാരണം  ഞാന്‍ ഒരു  ഇന്ത്യന്‍ സ്ത്രീ  ആണ്. എന്റെ  പുരുഷന്റെ  പിന്നില്‍ നിന്ന്  പ്രാര്‍ത്ഥിച്ചു  അവന്റെ വിജയം ഉറപ്പാക്കേണ്ടത്  എന്റെ കടമയാണ്. 

ഉറച്ച  ആശയങ്ങളും  അഭിപ്രായങ്ങളും  ഉണ്ടെങ്കിലും  ഞാന്‍ അതൊന്നും പുറത്തു പറയില്ല.  കണ്ണ് മിഴിച്ചു നിഷ്കളങ്കതയോടെ  ഞാന്‍ പറയും "അയ്യോ, എനിക്കതൊന്നുമറിയില്ല". ചുറ്റുമുള്ള  പുരുഷന്മാര്‍ "പൊട്ടിപ്പെണ്ണ്‍" എന്ന് പറഞ്ഞു എന്നെ  സ്നേഹത്തോടെ  നോക്കും. മറ്റു സ്ത്രീകളും നല്ല കുട്ടി  എന്നെന്നെ  സ്നേഹിക്കും. അറിയാതെ എങ്ങാനും  അഭിപ്രായം  പറഞ്ഞു  പോയാല്‍ ഞാന്‍ അഹങ്കാരി ആവും, താന്തോന്നി ആവും, എന്തിനു വെറുതെ ചീത്തപ്പേരു കേള്‍പ്പിക്കണം.  പൊട്ടിപ്പെണ്ണ്‍ ആയി ജീവിക്കാന്‍ എന്തെളുപ്പം! ആരെന്തു  പറഞ്ഞാലും  മനോഹരമായി ചിരിക്കുക, തലയാട്ടുക, പരാതിയില്ലാതെ  പണികള്‍ ചെയ്യുക.. അതാണെന്റെ ധര്‍മം അത്രേ.  എന്റെ  കണ്ണിലെ  ബുദ്ധിയുടെ  തിളക്കം അടുക്കള ഷെല്‍ഫുകളില്‍ ഒളിച്ചു വെച്ച്  ഞാന്‍ പുഞ്ചിരിക്കും. പൊട്ടിപ്പെണ്ണ്‍ ആയി, അപ്പോള്‍ എല്ലാവരും  എന്നെ സ്നേഹിക്കും.  അല്ലെങ്കില്‍ ഞാനൊരു ഒറ്റപ്പെട്ട  ജീവി ആയി മാറും.

Wednesday, January 21, 2015

മതമില്ലാത്ത ജീവന്‍

ചാര്‍ളി ഹെബ്ദോ - പ്രവാചകനെയും പോപ്പിനെയും ഒരു പോലെ കളിയാക്കിയ തന്റേടം. ധിഷണയും ധൈര്യവും ഒരു പോലെ തുടിച്ച കാര്‍ടൂണുകള്‍. മത തീവ്രവാദികള്‍ അതിനെതിരെ നടത്തിയ ആക്രമണവും, അത് വളര്‍ത്തിയ മത വിദ്വേഷവും അതിനെ തുടര്‍ന്നുണ്ടായ സംഭവങ്ങളും ഒക്കെ എല്ലാവരും ചര്‍ച്ച ചെയ്തും, അപലപിച്ചും ഒക്കെ സോഷ്യല്‍ മീഡിയ സംഭവ ബഹുലം ആയ ഒരു സമയത്താണ്, ഏതോ ന്യൂസ്‌ സൈറ്റില്‍ ഏതോ മൂലയില്‍ ആ വാര്‍ത്ത‍ കണ്ടത്. അമേരിക്കയില്‍ ഒരു മലയാളി കത്തോലിക്കാ പുരോഹിതന്‍ child porn കൈവശം വെച്ചതിനു അറസ്റ്റില്‍ ആയി എന്ന്.  അത് ഒരു ബാലനെ കാണിച്ചു എന്നും ആ ബാലന് പിന്നീട് മെസ്സേജ് അയച്ചു എന്നും ബാലന്‍ മാതാപിതാക്കളെ അതറിയിക്കുകയും, അവര്‍  പരാതി നല്‍കിയതിനെ തുടര്‍ന്ന്  അച്ചന്‍ അറസ്റ്റില്‍ ആയെന്നും.  സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ചു കൊണ്ട് ആ കത്തോലിക്കാ രൂപതയുടെ കുറിപ്പും പുറത്തു വന്നു. ഒട്ടും വൈകിയില്ല, കേരള കത്തോലിക്കാ സഭയുടെ വക പുതിയ വാര്‍ത്തകള്‍ രംഗത്ത് വന്നു - അച്ചന്‍ കുട്ടി porn കാണുന്നത് കണ്ടു അത് ബലമായി ഡിലീറ്റ് ചെയ്തെന്നും, അതില്‍ ക്രുദ്ധനായ ബാലന്‍ പരാതി നല്‍കിയതാണ് എന്നും.

ഏതു സംഭവത്തിനും പല വശങ്ങള്‍ ഉണ്ടാവാം, അച്ചന്‍ തെറ്റുകാരന്‍ ആണോ അല്ലയോ എന്നും എനിക്കറിയില്ല. എന്തായാലും അച്ചന്‍ നിഷ്കളങ്കന്‍ ആണെന്ന കത്തോലിക്കാ സഭയുടെ വാദം share ചെയ്ത സുഹൃത്തിന്റെ പേജില്‍ ഞാന്‍ comment ചെയ്തു 'പാതിരി ചെയ്താലും മൊല്ലാക്ക ചെയ്താലും തെറ്റ് തെറ്റല്ലേ ' എന്ന്. (ഞാനും കാഞ്ഞിരപ്പള്ളി രൂപതയിലെ അതിപുരാതന റോമന്‍ കത്തോലിക്കാ കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന ഒരു സത്യ ക്രിസ്ത്യാനി തന്നെ ആന്നേ).

പക്ഷേ, പിന്നീടങ്ങോട്ട് എന്‍റെ രണ്ടു സുഹൃത്തുക്കളുടെ comment പ്രവാഹമായിരുന്നു. മുസ്ലിം തീവ്ര വാദത്തെയും, ഹിന്ദുത്വ അജണ്ടകളെയും ഒക്കെ വിമര്‍ശിച്ചു നെടുനീളന്‍ പോസ്റ്റുകളിടാറുള്ള സുഹൃത്തുക്കള്‍ അച്ചന്മാരെ കുറ്റം പറയുന്നത് സഹിക്കില്ല എന്നും, ഒന്നും പറഞ്ഞിട്ട് കാര്യമില്ല എന്നും വേദനയോടെയാണെങ്കിലും ഞാന്‍ മനസിലാക്കി. PK എന്ന സിനിമ നിരോധിക്കണം എന്ന് പറയുന്ന ഒരു വിഭാഗത്തെപോലെ, ഞങ്ങളുടെ മതത്തെ, മത നേതാക്കന്മാരെ കുറ്റം പറയാന്‍ പാടില്ല എന്നത് തന്നെയാണ് എല്ലാ മത വിശ്വാസികളുടെയും നിര്‍ബന്ധം. അച്ചന്മാര്‍ എബോള ബാധിത പ്രദേശങ്ങളില്‍ സഹായത്തിനു പോയിരുന്നു  അത്രേ. സുഹൃത്തേ അവര്‍ മാത്രമല്ല, ഒരു പാടു നല്ല മനുഷ്യര്‍ അവിടെ പോയിരുന്നു, എബോള ബാധിത പ്രദേശങ്ങളെ സഹായിക്കാന്‍ ഏറ്റവും വലിയ മെഡിക്കല്‍ സംഖത്തെ അയച്ചത് ക്യൂബ ആണ്. ഞാന്‍ സമ്മതിക്കുന്നു -  ഒരു പാട് നല്ല കത്തോലിക്കാ മിഷനറിമാര്‍ ലോകത്തിന്റെ ഒരു പാട് പ്രദേശങ്ങളില്‍ പല നന്മ പ്രവര്‍ത്തികളും ചെയ്യുന്നുണ്ട്. അത് കൊണ്ട് കത്തോലിക്കാ പുരോഹിതര്‍ക്കെല്ലാം അപ്രമാദിത്വമുണ്ട് എന്നല്ല അര്‍ഥം. സമൂഹത്തിന്‍റെ ഒരു ചെറിയ പതിപ്പ് തന്നെയാണ് ഏതു പുരോഹിത സമൂഹവും. അവരും മനുഷ്യരാണ്. അതല്ലാതെ എന്റെ സമുദായ നേതാക്കന്മാരും എന്റെ സഭാ പുരോഹിതരും തെറ്റുകള്‍ക്ക് അതീതരാണ്  എന്ന ചിന്തയില്‍ നിന്നാണ് മത അസഹിഷ്ണുതയും, മത തീവ്ര വാദവും ഒക്കെ ആരംഭിക്കുന്നത്.

ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. പൊതുവേ മിത വാദികളായ പലരും, അവരുടെ മതത്തെ,  അല്ലെങ്കില്‍ അവരുടെ മതത്തില്‍ പെട്ടവരെ കുറ്റപ്പെടുത്തിയാല്‍  ആക്രമണ സ്വഭാവത്തോടെ പ്രതികരിക്കുന്നത് പലപ്പോഴും കാണാറുണ്ട്. ദൃശ്യം സിനിമ ഒരു വലിയ തെറ്റല്ലേ എന്ന് തോന്നുമ്പോഴും, സ്വന്തം കുടുംബത്തെയും കുഞ്ഞുങ്ങളെയും സംരക്ഷിക്കാന്‍ വേണ്ടി ഏതു ജീവിയും എന്തും ചെയ്തേക്കുമല്ലോ എന്ന് ഞാനോര്‍ത്തു. അത് കൊണ്ട് ആ തെറ്റ് നമുക്കൊക്കെ അങ്ങ് ക്ഷമിക്കാം. പക്ഷെ, സ്വന്തം സമുദായ നേതാക്കന്മാരുടെ തെറ്റുകള്‍ ന്യായീകരിക്കാന്‍ വേണ്ടി പല്ലും നഖവും നീട്ടി പോരാടാനിറങ്ങുന്നതു കടന്ന കൈ തന്നെ.


മതത്തിന്‍റെ വേലിക്കെട്ടുകള്‍ ഒന്നും എന്റെ കുട്ടിക്കാലത്ത് അനുഭവപ്പെട്ടതായി തോന്നുന്നില്ല. ഞങ്ങള്‍ മതത്തിനെയോ ജാതിയേയോ പറ്റി ആകെ സംസാരിച്ചത് തന്നെ അതിന്‍റെ ബുദ്ധിമുട്ടുകള്‍ ആയിരുന്നു. ഞായറാഴ്ച എന്ന അവധി ദിവസം ക്രിസ്ത്യാനി ആയതു കൊണ്ട് ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടല്ലോ, അത് കൊണ്ട് ക്രിസ്ത്യാനി ആവുന്നതാണ് ഏറ്റവും കഷ്ടം  എന്ന് ഞങ്ങള്‍ പരാതി പറഞ്ഞപ്പോള്‍, ദിവസവും ഓത്തു പള്ളിയില്‍ പോവുന്നതാണ് കൂടുതല്‍ ബുദ്ധിമുട്ട് എന്ന് മുസ്ലിം കുട്ടികളും തര്‍ക്കിച്ചു. ഞങ്ങള്‍ക്കിങ്ങനത്തെ തലവേദനകള്‍ ഇല്ലല്ലോ എന്ന് ഹിന്ദു കുട്ടികള്‍ പുഞ്ചിരിച്ചു. അങ്ങനെ 'ഹിന്ദു ആയാല്‍ മതിയാരുന്നു, രക്ഷപ്പെട്ടേനെ'  എന്ന് ഒരു നെടുവീര്‍പ്പോടെ ഞങ്ങള്‍ അഹിന്ദുക്കള്‍ പറയുന്നതില്‍ ഞങ്ങളുടെ മത ചര്‍ച്ചകള്‍ അവസാനിച്ചിരുന്നു. ഒരിക്കലും 'എന്റെ മതം ആണ് നിന്റെതിനെക്കാള്‍ നല്ലത് ' എന്നോ 'എന്റെ മതം ആണ് ശരി, നിന്റേതു തെറ്റാണ്' എന്നോ ഒരു കുട്ടിയും പറഞ്ഞില്ല.

പക്ഷെ പിന്നീടെപ്പോഴോ കുട്ടിത്തത്തിന്റെ ആ നന്മകള്‍ ആരുടെയൊക്കെയോ പ്രബോധനങ്ങള്‍ മൂലം നഷ്ടമാവുന്ന പല കുട്ടികളെയും ഞാന്‍ കണ്ടു. "എനിക്ക് മമ്മൂട്ടിയെയും മാമുക്കൊയയെയും ആണ് ഇഷ്ടം, കാരണം അവര്‍ ഞങ്ങളുടെ കൂട്ടരാണ്" എന്ന് പറഞ്ഞ അനിയന്റെ കൂട്ടുകാരന്‍, എന്‍റെ നെറ്റിയിലെ ചന്ദന ക്കുറി കണ്ടു "ചേച്ചി അമ്പല കൂട്ടരാണോ, എനിക്ക് പള്ളി കൂട്ടരെയേ ഇഷ്ടമൊള്ളൂ" എന്ന് പറഞ്ഞ ഹോസ്റ്റലിന്റെ അടുത്ത വീട്ടിലെ കുട്ടി.... അവരെയൊക്കെ തിരുത്താന്‍ ശ്രമിച്ചപ്പോഴും,   അതൊക്കെ കുട്ടിത്തത്തിന്റെ വിവരമില്ലായ്മകളാണ്, അവരൊക്കെ അതില്‍ നിന്നൊക്കെ വളരും  എന്നായിരുന്നു എന്റെ വിശ്വാസം. പക്ഷേ, നമ്മുടെ സമൂഹം മറ്റു പല കാര്യങ്ങളിലും എന്നത് പോലെ, ഈ കാര്യത്തിലും പുറകോട്ടാണ് വളരുന്നത് എന്ന് തോന്നുന്നു. പലരുടെയും സാമൂഹ്യ ജീവിതവും, സുഹൃത്തുക്കളും പോലും ആരാധനാലയങ്ങളോട് ബന്ധപ്പെട്ടു മാത്രമാണ്. പരസ്പര സഹായവും സഹകരണവും വളരെ നല്ല ഗുണങ്ങളാണ്. പക്ഷെ അതു മതത്തിന്റെ വേലിക്കെട്ടുകള്‍ക്കുള്ളില്‍, സ്വജാതിയില്‍ പെട്ടവര്‍ തമ്മില്‍ മാത്രമാവുമ്പോള്‍, സമൂഹം വിഭജിക്കപ്പെട്ടു പോവുകയാണ്.

കോളേജ് സമയത്ത് ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരി, ഡോക്ടര്‍ ആയ ചേട്ടന് ക്രിസ്മസിന് അവധി ഇല്ല, ക്രിസ്ത്യന്‍ ഡോക്ടര്‍മാരൊക്കെ വീട്ടില്‍ പോവുന്നത് കൊണ്ട് എന്ന് പറഞ്ഞപ്പോള്‍, ഞങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തത്  ഓര്‍ക്കുന്നു..  പല മതങ്ങള്‍ ഉള്ളത് കൊണ്ട് ഇങ്ങനെ ഒരു ഗുണം ഉണ്ടല്ലേ .. അവധി ദിവസങ്ങള്‍ പങ്കിട്ടെടുത്തു എല്ലാവര്‍ക്കും ഉത്സവങ്ങള്‍ പ്രിയപ്പെട്ടവരോടോത്ത് ചെലവഴിക്കാനുള്ള അവസരം .. അതെ.. അതിനപ്പുറം മതങ്ങള്‍ കൊണ്ട് ഒരു ഗുണം കണ്ടെത്താന്‍ ഞങ്ങള്‍ക്കായിരുന്നില്ല. പ്രൊജക്റ്റ്‌ വര്‍ക്ക്‌ എന്ന് പറഞ്ഞു അവളുടെ വീട്ടില്‍ താമസിച്ച ദിവസങ്ങളില്‍ ആ വീട്ടുകാര്‍ക്കോ.. കത്തിച്ച നിലവിളക്ക് പോലെ ഐശ്വര്യമുള്ള, 'ഇവിടുത്തെ കുട്ടി പോലെ ആയിരിക്കണൂ'  എന്ന് വാത്സല്യം തന്ന അമ്മൂമ്മയ്ക്കോ, എന്നെ സ്നേഹിക്കാന്‍ മതം തടസമായിരുന്നില്ല.  എന്തിനേറെ, കത്തോലിക്കാ വിശ്വാസി  ആയി ജനിച്ചത്‌ ഭാഗ്യം എന്നു ചിന്തിച്ചിരുന്ന, കടുത്ത മത വിശ്വാസിയായിരുന്ന എന്റെ വല്യമ്മച്ചിയ്ക്ക് പോലും ചുറ്റുമുള്ള എല്ലാ മനുഷ്യരെയും ഒരു പോലെ സ്നേഹിക്കാനും സഹായിക്കാനും സാധിച്ചിരുന്നു. എന്‍റെ പ്രതിസന്ധികളില്‍ കൂടെ നിന്ന്‍ ഏറ്റവും അധികം എന്നെ സഹായിച്ച സുഹൃത്തുക്കളൊന്നും എന്‍റെ മതത്തില്‍ പെട്ടവരായിരുന്നില്ല.  പ്രിയപ്പെട്ട ചില കൂട്ടുകാര്‍ക്കൊപ്പം അമ്പലങ്ങളില്‍ പോയിരുന്നത് ഇന്നും എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു ഓര്‍മ ആണ്. ഒരിക്കലും ഞങ്ങളുടെയൊന്നും സ്നേഹ ബന്ധങ്ങളില്‍ മതത്തിനു പ്രസക്തി ഉണ്ടായിരുന്നില്ല.  പക്ഷേ, ഇന്ന് പലരും സ്നേഹിക്കുന്നതും വെറുക്കുന്നതും ഒക്കെ മതം നോക്കി ആണെന്ന് തോന്നുന്നു.


എവിടെയോ വായിച്ചതു പോലെ വികസിത രാജ്യങ്ങളില്‍ ഇന്ന് മതത്തിനു പ്രസക്തി കുറഞ്ഞു കൊണ്ടിരിക്കുകയാണ്. അത് കൊണ്ട് തന്നെ ഈ മത വിഭാഗീയ ശക്തികളുടെ വിള ഭൂമി ഇന്ത്യ പോലെയുള്ള രാജ്യങ്ങളാണ്‌. ആളുകളുടെ അജ്ഞതയെ ചൂഷണം ചെയ്യുന്ന ആള്‍ ദൈവങ്ങളും മത നേതാക്കളും ഒക്കെ ഇവിടെ തഴച്ചു വളരുന്നു. ഞാന്‍ ഇന്ന മത വിശ്വാസിയാണ് എന്ന് അഭിമാനത്തോടെ പറയുന്ന ഒരു ഓസ്ട്രേലിയക്കാരെയും  ഞാന്‍ ഇത് വരെ ഇവിടെ കണ്ടില്ല. മറിച്ചു ഞാന്‍ മത വിശ്വാസി അല്ല എന്ന് അഭിമാനത്തോടെ പറയുന്ന ഒരു പാട് പേരെ ഞാന്‍ ഇവിടെ കണ്ടു. എന്നാല്‍ നമ്മുടെ നാട്ടിലാവട്ടെ, എല്ലാവരും താന്‍ ഇന്ന മതത്തിലാണ്  എന്ന് അഭിമാനത്തോടെ പ്രഖ്യാപിക്കുന്നു. മതവിശ്വാസം തെറ്റാണു എന്നല്ല.  മത വിശ്വാസം എന്നത് ഒരു വ്യക്തിയുടെ സ്വകാര്യത ആണ്. അത് ഒരിക്കലും ഒരാളെ സ്നേഹിക്കാനോ വെറുക്കാനോ ഉള്ള മാനദണ്ഡം ആവാന്‍ പാടില്ല. "community" എന്നത് ഇവിടത്തുകാര്‍ വളരെ പ്രാധാന്യം നല്‍കുന്ന ആശയം ആണ്. ഒരു സ്ഥലത്ത് താമസിക്കുന്ന ആളുകളുടെ കൂട്ടായ്മ, പൊതുവായ ആവശ്യങ്ങള്‍ക്ക് വേണ്ടി എല്ലാവരും ഒരുമിച്ചുള്ള പ്രവര്‍ത്തനം ഒക്കെയാണ് അത്. ഇങ്ങനെ ഉള്ള ഒരു  കൂട്ടായ്മയും മതത്തിന്റെ പേരില്‍ ആവില്ല (ഉണ്ടെങ്കില്‍ അത് ഇന്ത്യന്‍ കൂട്ടായ്മകള്‍ ആവും). നമ്മുടെ നാട്ടിലും ഇങ്ങനെ മതങ്ങള്‍ക്കപ്പുറമുള്ള കൂട്ടായ്മകള്‍ വളര്‍ത്തേണ്ടിയിരിക്കുന്നു

'Oh My God' എന്ന സിനിമയും PK യുംകണ്ടു. ഒപ്പം പ്രഭുവിന്റെ മക്കളും. ഒരു താരതമ്യത്തിനോ, നിരൂപണത്തിനോ തുനിയുന്നില്ല. അവയൊക്കെ ഒരു സന്ദേശം നല്കാന്‍ ശ്രമിക്കുന്നതില്‍ സന്തോഷിക്കുന്നു. കോവൂരിന്റെ പുസ്തകങ്ങള്‍ വായിച്ചു വളര്‍ന്ന എനിക്ക് പ്രഭുവിന്റെ മക്കളോട് കൂടുതല്‍ ഇഷ്ടം തോന്നി. പക്ഷെ, എത്ര ആയാലും, മതങ്ങള്‍ക്കപ്പുറം ചിന്തിക്കൂ എന്നൊരു സന്ദേശം നല്കാന്‍ ശ്രമിക്കുന്ന എല്ലാ ശ്രമങ്ങളെയും അഭിനന്ദിച്ചേ പറ്റൂ.


കുട്ടിക്കാലത്ത് ശബരിമല സീസന്‍ ആവാന്‍ കാത്തിരിക്കും, അരവണ കിട്ടാന്‍ വേണ്ടി. അടുത്ത വീടുകളില്‍ ഉള്ളവരൊക്കെ ശബരിമലയ്ക്ക് പോയി വരുമ്പോള്‍ അരവണ കൊണ്ട് വന്നു തന്നിരുന്നു. ഞങ്ങളെല്ലാവരും ആ സ്നേഹം സന്തോഷത്തോടെ സ്വീകരിച്ചിരുന്നു. പിന്നീട്  കോളേജില്‍ പഠിക്കുന്ന കാലത്ത് സുഹൃത്തുക്കള്‍ കൊണ്ട് വന്ന അരവണ കഴിക്കാന്‍ ഒരു കൂട്ടുകാരി വിസമ്മതിച്ചപ്പോള്‍ മറ്റൊരു കൂട്ടുകാരി എന്നോട് പറഞ്ഞു - "ഞാനും ചെറുപ്പത്തില്‍ അരവണ കഴിക്കില്ലായിരുന്നു, പള്ളിയിലെ പ്രസംഗത്തിലും, പിന്നെ വീട്ടില്‍ അപ്പച്ചനും അമ്മച്ചിയും ഒക്കെ പറയാറുണ്ടായിരുന്നു - അത് വിഗ്രഹത്തിനു നിവേദിച്ചതാണ്, അത് കഴിക്കുന്നത്‌ പാപമാണ് എന്നൊക്കെ. പക്ഷെ വലുതാവുമ്പോള്‍ നമുക്ക് മനസിലാവില്ലേ, അതിലൊന്നും ഒരു കാര്യമില്ല എന്ന്, ഇവരൊന്നും എന്താ വലുതാവാത്തത്? "  എന്‍റെ മനസ്സില്‍ ഇപ്പോഴുള്ള ചോദ്യവും അത് മാത്രമാണ് - "ഇവരൊന്നും എന്താ വലുതാവാത്തത്?"  എത്ര പഠിച്ചാലും, എന്‍റെ മതവും,  എന്‍റെ സമുദായ നേതാക്കളും മാത്രമാണ് ശരി എന്ന ഇടുങ്ങിയ ചിന്തയില്‍ നിന്ന് പുറത്തു വരാത്തതെന്താണ്

പ്രഭുവിന്റെ മക്കളില്‍ പറയുന്നത് പോലെ, ഒരിക്കല്‍ നമ്മള്‍ പൊളിച്ച മതത്തിന്റെ വേലിക്കെട്ടുകള്‍, തിരിച്ചു കൊണ്ട് വരാനുള്ള ശ്രമമാണ് ഇപ്പോള്‍ എല്ലായിടത്തും നടക്കുന്നത്. അതിനെ എതിര്‍ത്തേ തീരൂ. മതമില്ലാത്ത ജീവനുകളെ വളര്‍ത്തി കൊണ്ട് വരാന്‍ നമ്മുടെ സമൂഹത്തില്‍ ബുദ്ധിമുട്ടാവും, പക്ഷെ, മതഭ്രാന്തില്ലാത്ത ജീവനുകളെ വളര്‍ത്തി കൊണ്ട് വരേണ്ടത് നമ്മുടെ കടമയാണ്, സമൂഹത്തിന്‍റെ ആവശ്യകതയാണ്.