Tuesday, December 30, 2014

തീണ്ടാരി പുരകള്‍

ഇന്ത്യന്‍ ഭക്ഷണം ഇഷ്ടമാണെങ്കിലും യോഗ ക്ലാസ്സില്‍ ദിവസവും പോകുമെങ്കിലും  സായിപ്പുമാര്‍ ബഹു ഭൂരിപക്ഷത്തിന്‍റെയും  വിചാരം ഒരുവിധം ഇന്ത്യക്കാരോക്കെയും ചേരികളില്‍ കഴിയുന്ന വൃത്തി ഹീനരായ ഒരു അപരിഷ്കൃത ജനസമൂഹം ആണെന്നാണ് .  ബാംഗ്ലൂര്‍ ഫ്ലാറ്റില്‍ അതിഥിയായി എത്തിയ ഫ്രഞ്ച് കാരി മദാമ്മയുടെ ( കസിന്‍റെ കൂട്ടുകാരി )  "ഓ.. ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് വെച്ച് നിങ്ങളുടെ വീട് ഭയങ്കര നല്ലതാണല്ലോ  "  എന്ന കമന്റും നാട്ടിലെ  വീട് കാണിച്ചപ്പോള്‍ ഇവിടുത്തെ ഒരു കൂട്ടുകാരി  "ഓ.. നീ ഭയങ്കര പണക്കാരി ആണല്ലേ.. ഇന്ത്യയില്‍ അങ്ങനെ ഒരു വീട്ടില്‍ എത്ര പേര്‍ക്ക് കഴിയാന്‍ പറ്റും " എന്ന് ചോദിച്ചതും മകളുടെ കൂട്ടുകാരി  ഒരവസരത്തില്‍ റോഡിന്‍റെ വശത്ത് മൂത്രമൊഴിച്ചപ്പോള്‍ ആ കൊച്ചിന്റെ അമ്മ എന്നോട് "ഇന്ത്യന്‍ സ്റ്റൈല്‍"  എന്ന് പറഞ്ഞു കണ്ണിറുക്കിയതും ഒക്കെ ഉദാഹരണങ്ങള്‍ മാത്രം.  ഈ ചോദ്യങ്ങള്‍ കേള്‍ക്കുമ്പോഴൊക്ക  ദേശസ്നേഹം ഞരമ്പില്‍ രോഷമായി തിളച്ചുവെങ്കിലും ഞാന്‍ കണ്ടതിലും കൂടുതല്‍ ഇന്ത്യ അവരൊക്കെ കണ്ടിട്ടുണ്ടായിരുന്നു. ഇന്ത്യയുടെ വാലറ്റത്തെ നാല് സംസ്ഥാനങ്ങള്‍ മാത്രം കണ്ടിട്ടുള്ള എനിക്കെങ്ങിനെ തര്‍ക്കിക്കാനാവും എന്നേക്കാള്‍ കൂടുതല്‍ ഇന്ത്യ കണ്ടിട്ടുള്ള അവരോട്.

അപ്പോഴൊക്കെ എന്‍റെ ആയുധം "എന്‍റെ കേരളം "  ആയിരുന്നു. ഇന്ത്യയുടെ തെക്കേ അറ്റത്തെ എന്‍റെ സ്വര്‍ഗം. ഇന്ത്യയില്‍ എന്‍റെ നാട്ടില്‍ ചേരികളില്ല. ഞങ്ങള്‍ പെണ്‍ഭ്രൂണഹത്യ നടത്താറില്ല, ഞങ്ങള്‍    നൂറു ശതമാനം  സാക്ഷരരാണ്. ഞങ്ങളുടെ പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളെ പോലെ തന്നെ പഠിക്കാന്‍ പോവുന്നു... എന്നൊക്കെ ഞാന്‍ എന്‍റെ വാദമുഖങ്ങള്‍ നിരത്തുന്നു.  ഒരു ബലത്തിന് ഈ ലിങ്കും അവര്‍ക്ക് വായിക്കാന്‍ കൊടുക്കുന്നു. http://www.theglobeandmail.com/globe-debate/as-they-say-in-kerala-theres-more-to-life-than-gdp/article4309924/

അങ്ങനെ ഒരു വിധം സായിപ്പുമാരെയും  മദാമ്മമാരെയും  ഒക്കെ ഇന്ത്യയുടെ തെക്കേ അറ്റത്ത്‌  ഉട്ടോപ്യ പോലെ സുന്ദരമായ ഒരു സ്ഥലമുണ്ടെന്നു ഞാന്‍ വിശ്വസിപ്പിക്കുന്നു. ഞാനും ആ വിശ്വാസത്തില്‍ സമാധാനത്തോടെ ഇരിക്കുന്നു.

ഇങ്ങനെ ഒരു സായിപ്പിനോട്‌ കേരള  ടൂറിസം പ്രൊമോഷന്‍ പോലെ വാ തോരാതെ സംസാരിച്ച ഒരു ദിവസമാണ് ഞാന്‍ ആ വാര്‍ത്ത‍ കണ്ടത്.  അയ്യപ്പന്മാരുണ്ടെന്ന കാരണം പറഞ്ഞു ഒരു സ്ത്രീയെയും കുട്ടികളെയും ബസില്‍ നിന്ന് ഇറക്കിവിട്ടത്. പിന്നെ തുടരെ തുടരെ അതാ ..  "ആര്‍ത്തവമേ... മഹാശാപമേ.." ചിരിക്കണമോ കരയണമോ എന്നറിയാത്ത അവസ്ഥയിലായി ഞാന്‍.  'എന്‍റെ കേരളം എത്ര സുന്ദരം ' എന്നൊക്കെ പറഞ്ഞു ഞാന്‍ എന്നെത്തന്നെ പറ്റിക്കാന്‍ ശ്രമിക്കുന്നുവോ എന്നൊരു സംശയം. കേഴൂ  കേരളമേ, "നിന്‍റെ പെണ്മക്കളിന്നും അടുക്കളക്കാരികള്‍, വീടാം കൂട്ടില്‍ കുടുങ്ങും തത്തമ്മകള്‍, നരന്നു ഗര്‍ഭാധാന പാത്രങ്ങള്‍"  . അവര്‍ക്ക് മാത്രം കാലം മുന്നോട്ടു പോവുമ്പോള്‍ വിലക്കുകളും വിലങ്ങുകളും കൂടി വരുന്നു. എത്ര വലിയ human development index ആണെങ്കിലെന്താ നിന്‍റെ പെണ്മക്കള്‍ ഇന്നും ഇവിടെ മനുഷ്യരില്‍ പെട്ടതല്ല.  അവളുടെ ശരീരത്തിന് അശുദ്ധിയുണ്ടത്രേ. ആണിന് ആവശ്യമില്ലാത്തപ്പോള്‍ അവള്‍ തീണ്ടാപ്പാടകലെ നില്‍ക്കണം. അവളാണ് ഇന്നും ഏറ്റവും അധകൃത വര്‍ഗ്ഗം. തൊട്ടു കൂടായ്മയും തീണ്ടിക്കൂടായ്മയും  ആരാധനാലയങ്ങളില്‍ കയറാന്‍ വിലക്കും  ഒക്കെ ഇന്നും   അവള്‍ക്കു ബാധകമാണ്.  എന്‍റെ പൊന്നു വിശ്വാസികളേ, ശരിക്കും നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ, ഒരു പെണ്ണിനേയും കുട്ടികളെയും വഴിയില്‍ ഇറക്കി വിടുന്നതാണ് അവളുടെ ആര്‍ത്തവത്തിന്റെ  സാമീപ്യത്തെക്കാളും  ദൈവത്തിനു അഭികാമ്യം എന്ന്?

നമ്മുടെ ശരീരത്തിലെ ജൈവ പ്രവര്‍ത്തനങ്ങളും, പ്രക്രിയകളും അത് ആര്‍ത്തവമായാലും  ലൈംഗികതയായാലും  അതൊക്കെ സ്വാഭാവികമാണെന്നും ആവശ്യമില്ലാത്ത പരിവേഷങ്ങള്‍ അതിനൊന്നും ചാര്‍ത്തി കൊടുക്കേണ്ട ആവശ്യമില്ല എന്നും നമുക്കെന്നാണ് തിരിച്ചറിയാനാവുക? നമ്മുടെ പെണ്‍കുട്ടികള്‍ എന്നാണ് സ്വന്തം ശരീരത്തിലെ ഈ പ്രക്രിയയില്‍ അപമാനമായി ഒന്നുമില്ല എന്ന് മനസിലാക്കുക? ആര്‍ത്തവം യാതൊരു വിലക്കുകളും എല്പിക്കാത്ത ഒരു മതത്തിലാണ് ഞാന്‍ വളര്‍ന്നത്‌. അങ്ങനെ ഒരു നന്മ എങ്കിലും ആ മതവിഭാഗത്തിനുണ്ടെന്നു ഞാന്‍ ആശ്വസിക്കുന്നു. ഒരു ചെറിയ വിഭാഗം പെണ്‍കുട്ടികള്‍ എങ്കിലും അതൊരു അശുദ്ധിയാണെന്ന് ചിന്തിക്കാതെ വളര്‍ന്നു വരുമല്ലോ.  അങ്ങനെ ഒരു മതവും ആര്‍ത്തവം എത്തുന്നതിനു വളരെ മുന്‍പ് തന്നെ അതിന്‍റെ ശാസ്ത്രം പറഞ്ഞു തന്ന ഒരപ്പനും ഒക്കെ ഉണ്ടായിരുന്നത് കൊണ്ട് എനിക്കതൊരിക്കലും ഒരു അദ്ഭുത അശുദ്ധി ആയിരുന്നില്ല  ( അപ്പാ, അപ്പനാണ് ഞാന്‍ കണ്ട ആദ്യത്തെ ഫെമിനിസ്റ്റ് ) .  പക്ഷെ, ഒറ്റയ്ക്ക് മൂലയ്ക്ക് മാറിയിരുന്നു കരഞ്ഞ സഹപാഠിയോട് എന്ത് പറ്റി എന്ന് ചോദിച്ചപ്പോള്‍ "ഞാന്‍ മൂത്രമൊഴിച്ചപ്പോള്‍ രക്തം വരുന്നു. എനിക്കെന്തോ വലിയ രോഗമാണെന്ന് തോന്നുന്നു" എന്ന ഉത്തരം കേട്ട് ഞെട്ടിയത് എന്‍റെ സ്വന്തം അനുഭവം.  ശരിയായ sexual education  ഇല്ലാത്ത നമ്മുടെ നാട്ടില്‍ അതൊരു പുതുമ അല്ല എന്നെനിക്കു തോന്നുന്നു.  സാനിട്ടറി നാപ്കിന്‍  ഉപയോഗിച്ചാല്‍ ദൈവം കോപിക്കും എന്ന് വിശ്വസിച്ച അമ്മ ഉണ്ടായിരുന്നത് കൊണ്ട് തുണിയുടെ കഷ്ടപ്പാടില്‍ നിന്ന് മോചനം കിട്ടാത്ത കൂട്ടുകാരി, പാഡ് വാങ്ങാന്‍ മടിയാണ്.. വാങ്ങിത്തരുമോ എന്ന് ചോദിച്ച മറ്റൊരു കൂട്ടുകാരി ... ഇതൊന്നും എന്‍റെ ഭാവനയല്ല. ബസില്‍ ഒരു പുരുഷന്‍റെ അടുത്ത് ഒഴിഞ്ഞു കിടന്നിരുന്ന സീറ്റില്‍ ഇരുന്നു സ്കൂളില്‍ എത്തിയപ്പോള്‍ ഒരു സഹപാഠി എന്നോട് ചോദിച്ചു "ആര്‍ത്തവം ആയിരുന്നില്ലല്ലോ.. ആ സമയത്ത് ആണുങ്ങളുടെ അടുത്തിരുന്നാല്‍ ഗര്‍ഭിണി ആവും "  എന്ന്. പ്രത്യുല്പാദന പ്രക്രിയയെ പറ്റി ഏകദേശ ബോധമുണ്ടായിരുന്ന ഞാന്‍ എന്ത് മറുപടി പറയണം എന്നറിയാതെ വിഷമിച്ചു.  ആര്‍ത്തവ കാലത്തെ തൊട്ടു കൂടായ്മയും തീണ്ടികൂടായ്മയും അതിന്‍റെ കഷ്ടപ്പാടുകളും ഒക്കെ സ്കൂള്‍ കാലഘട്ടത്തില്‍ കൂട്ടുകാരികള്‍ പങ്കു വെച്ചിരുന്നു. അതൊക്കെ പത്തു പതിനഞ്ചു വര്‍ഷം മുമ്പല്ലേ, കാലമെത്ര കടന്നു. ഇന്നതൊക്കെ മാറിയിട്ടുണ്ടാവും എന്ന് കരുതി ഇരുന്നിരുന്ന എനിക്ക് ഒരു അടി കിട്ടിയ പ്രതീതി ആയിരുന്നു ആ ബസ്‌ സംഭവവും തുടര്‍ന്ന് പലരുടെയും അഭിപ്രായ പ്രകടനങ്ങളും.

ആ ഞെട്ടല്‍ മാറുന്നതിനു മുന്‍പ് ദാ അടുത്ത സംഭവം.  ഈശ്വരാ, കടുത്ത കുറ്റവാളികളെ ചെയ്യുന്നത് പോലെ ഇങ്ങനെ ജോലിക്കാരെ പരിശോധിക്കാന്‍ ഏതു ഈദി അമീന്‍റെ നാട്ടിലാണ് നാമിപ്പോ ജീവിക്കുന്നത്. മനുഷ്യാവകാശങ്ങള്‍ ഒന്നും ഈ നാട്ടിലെ സ്ത്രീയ്ക്ക് ബാധകമല്ലേ?  അത് പൊതു വാഹനത്തിലെ യാത്രാ സ്വാതന്ത്ര്യം ആണെങ്കിലും  അവളുടെ സ്വകാര്യത ആണെങ്കിലും. ഇത്ര കടുത്ത മനുഷ്യാവകാശ ലംഘനത്തിനെതിരെ ശബ്ദ്മുയര്‍ത്താന്‍ രാഷ്ട്രീയ പാര്‍ടികളെ പോലും കാണുന്നില്ലല്ലോ...

അതിനിടയില്‍ എത്ര വിദ്യാഭ്യാസം ഉണ്ടായാലും സ്വതന്ത്രമായി ചിന്തിക്കാന്‍ മടിക്കുന്ന ഒരു പാടു സ്ത്രീകള്‍ അതിനെ ഒക്കെ ന്യായീകരിക്കുന്നു. ഏറ്റവും അധികം ഭയം തോന്നുന്നത് അത് കാണുമ്പോള്‍ ആണ്. ആണ്‍സമൂഹം പാടി പഠിപ്പിച്ച കഥകള്‍ ഏറ്റു പാടുന്ന കുറെ തത്തമ്മകള്‍. അവര്‍ക്ക് സ്വന്തം ശരീരത്തിലെ പ്രക്രിയകളോട് അറപ്പും വെറുപ്പും ആണ്. എന്ത് തന്നെ ആയാലും,    social media യെ ന്യൂ ജെനറേഷന്‍ എന്നൊക്കെ കളിയാക്കാന്‍ ഒരുപാടു പേരുണ്ടെങ്കിലും ധീരമായ എതിര്‍പ്പിന്‍റെ സ്വരങ്ങള്‍ ഞാന്‍ അവിടെ കാണുന്നു. ആര്‍ത്തവം അശുദ്ധിയല്ലെന്ന് ധീരമായി പ്രഖ്യാപിക്കുന്ന ഒരു നൂറു പെണ്‍കുട്ടികള്‍. sanitary napkin കളുടെ പടം profile picture ആക്കിയ ഉണ്ണിയാര്‍ച്ചകള്‍. അതെ, വിപ്ലവം ആര്‍ത്തവത്തിലൂടെയും വരും.  നൂറ്റാണ്ടുകളുടെ പഴക്കമുള്ള  അനാചാരങ്ങളല്ല നമ്മുടെ സമൂഹത്തിന്റെ അടിത്തറ. അതല്ല സംസ്കാരം. ആര്‍ത്തവം തീണ്ടാപ്പാടകലെ നില്‍ക്കേണ്ട ഒരു കുറ്റമല്ല.  അത് കുറച്ചു രക്തമാണ്. ഇരുമ്പിന്‍റെ  മണമുള്ള രക്തം. സകല മനുഷ്യനും -  പുരുഷനും സ്ത്രീയ്ക്കും ഒരു പോലെ - ആദ്യ പോഷണം എത്തിക്കുന്ന രക്തം. അതില്‍ അറയ്ക്കാനും വെറുക്കാനും ഒന്നുമില്ല.

Tuesday, December 23, 2014

Christmas on the beach...

ബ്രൌസര്‍ വിന്‍ഡോ തുറക്കുമ്പോള്‍ അതാ ഗൂഗിളില്‍ ഓടുന്ന റെയിന്‍ഡിയര്‍. അത് കാണുമ്പോള്‍ തന്നെ ഒരു സന്തോഷം തോന്നുന്നു. എത്രയൊക്കെ വാണിജ്യവല്ക്കരിക്കപ്പെട്ടതാണെന്ന് പറഞ്ഞാലും ഉത്സവങ്ങളും ആഘോഷങ്ങളും പകര്‍ന്നു തരുന്ന  ആ ഒരു പോസിറ്റീവ് എനര്‍ജി വളരെ വലുതാണ്.  ഉള്ളില്‍ എവിടെയോ ഒരു കുട്ടി  സന്തോഷം കൊണ്ട് തുള്ളിച്ചാടുന്നത് പോലെ. ക്രിസ്മസ് ലൈറ്റ് കള്‍ കാണുമ്പോള്‍, കരോളുകള്‍ കേള്‍ക്കുമ്പോള്‍, ട്രീ അലങ്കരിക്കുമ്പോള്‍ പിന്നെ നല്ല ഭക്ഷണം കഴിക്കുമ്പോള്‍... ഒക്കെ മനസ്സില്‍ നിറയുന്ന സന്തോഷം.  ഉത്സവങ്ങളുടെ എല്ലാം അന്തസത്ത  അതാണല്ലോ.. കുടുംബത്തോടും, ബന്ധുക്കളോടും, സുഹൃത്തുക്കളോടും ഒപ്പമുള്ള കുറെ നല്ല നിമിഷങ്ങള്‍.

ബാംഗ്ലൂര്‍ എന്ന ഉദ്യാന നഗരിയില്‍ ക്രിസ്മസിന്‍റെ വര്‍ണപകിട്ടുകള്‍ക്ക് ഒട്ടും തന്നെ കുറവുണ്ടായിരുന്നില്ല. ഷോപ്പിംഗ്‌ മാളുകളിലെ വമ്പന്‍ ക്രിസ്മസ് ട്രീയും, ലൈറ്റുകളും... പക്ഷെ  അന്ന് ക്രിസ്മസിന്റെ ഏറ്റവും വലിയ ആകര്‍ഷണം നാട്ടിലേക്കുള്ള യാത്ര ആയിരുന്നു. കമ്പം, തേനി വഴിയിലെ  സൂര്യകാന്തി പൂക്കളോടും, മുന്തിരിതോട്ടങ്ങളോടും കിന്നാരം പറഞ്ഞു, എന്റെ ഗ്രാമത്തിലേക്കുള്ള ആ നീണ്ട ഡ്രൈവ് . കുമിളി അതിര്‍ത്തി കടക്കുമ്പോള്‍, കേരളത്തിന്‍റെ കാറ്റിനു പോലും വല്ലാത്ത സ്നേഹമുണ്ടെന്ന് തോന്നും (റോഡ്‌ അതോടെ കുളമാകുമെങ്കിലും) ലോകത്തേറ്റവും സുന്ദരം, എന്റെ കേരളം എന്ന് തോന്നിപ്പിക്കുന്ന കുട്ടിക്കാനം മലമടക്കുകളും, മഴ ചാറ്റലുകളും..  പിന്നെ അവസാനം റബ്ബര്‍ തോട്ടങ്ങള്‍ കണ്ടു തുടങ്ങുമ്പോള്‍ മനസ്സില്‍ നിറയുന്ന  ഉന്മേഷവും . ഒടുവില്‍ വീട്ടില്‍ എത്തി, കുളിച്ചു ഭക്ഷണം കഴിച്ചു കഴിയുമ്പോള്‍ ഉള്ള സമാധാനം ... പിന്നെ ബന്ധു വീടുകളും,  നക്ഷത്രവും ക്രിസ്മസ് ട്രീയും രാത്രി വരുന്ന കരോള്‍ സംഘങ്ങളും പാതിരാ കുര്‍ബാനയും   ഒക്കെ ആയി വര്‍ഷത്തിലെ ഏറ്റവുമധികം സന്തോഷം തോന്നുന്ന ദിവസങ്ങള്‍.

ആദ്യമായി ക്രിസ്മസിന്  ദൂരെ ആയി പോയി എന്ന ദുഃഖം ഉണ്ടെങ്കിലും, ഇവിടുത്തെ ക്രിസ്മസ് നിരാശപ്പെടുത്തുന്നില്ല. ചുറ്റുമുള്ള  മനുഷ്യരെല്ലാവരും ആകെ ഒരു സന്തോഷത്തില്‍ ആവുമ്പോള്‍, ലോകം പ്രത്യാശാ ഭരിതമാവുന്നത് പോലെ. ഷോപ്പിംഗ്‌ മാളുകളില്‍ എല്ലാം തിരക്കോട് തിരക്ക്. ക്രിസ്മസ് ഷോപ്പിംഗ്‌ ഒരു ആചരണം തന്നെയാക്കിയ ഒരു ജനത. ക്രിസ്മസ് ഗിഫ്റ്റ് കള്‍ വാങ്ങുന്നതിലും, പൊതിഞ്ഞു ക്രിസ്മസ് ട്രീയുടെ അടിയില്‍ വെക്കുന്നതിലും സന്തോഷം കണ്ടെത്തുന്ന മുതിര്‍ന്നവരും , അത് സാന്ത വെച്ചതാണെന്നു വിശ്വസിക്കുന്ന കുട്ടികളും... ആകെ ഒരു ക്രിസ്മസ് വില്ലേജ് :) സാന്ത റിയല്‍  അല്ലെന്നു പറഞ്ഞ എന്റെ മകളെ അവരുടെ കൂട്ടുകാരെല്ലാവരും കൂടെ കൊല്ലാതെ കൊന്നു. ആകെ അങ്കലാപ്പില്‍ വീട്ടില്‍ എത്തിയ അവളോട്‌ ഞാന്‍ പറഞ്ഞു സാന്ത ഇല്ല ...  പക്ഷെ ഇവിടുത്തെ കുട്ടികള്‍ക്ക് അതറിയില്ല, അവരുടെ വിചാരം സാന്ത  റിയല്‍ ആണെന്നാണ്,  മോള്‍ അവരോടു തര്‍ക്കിക്കണ്ട എന്ന്. അല്ല പിന്നെ, ഇത്ര നാളും ട്രീയുടെ അടിയില്‍ ഇല്ലാത്ത ഗിഫ്റ്റ് ഇപ്പൊ വെച്ചിട്ട് സാന്ത  ഇവിടെ മാത്രേ വരൂ എന്ന് പറയാന്‍ പറ്റുമോ..

ചില വീടുകളിലെ അലങ്കാരങ്ങള്‍ കണ്ടു ഞെട്ടി പോയി. പിന്നെ മനസിലായി, സിറ്റി കൌണ്‍സില്‍ മത്സരം നടത്തുന്നുണ്ട്. ഏറ്റവും നന്നായി അലങ്കരിച്ച വീടിനു സമ്മാനം ഉണ്ട്. എന്തായാലും അടുത്തുള്ള ഒരു അലങ്കരിച്ച വീട് പോയി കണ്ടു. ഒരു ചെറിയപെരുന്നാളിനുള്ള ആള്‍ അവിടെ ഉണ്ടായിരുന്നു.






ആരോ പറയുന്നത് കേട്ടു, ഇതിനു സമ്മാന തുകയിലും  കൂടുതല്‍ അലങ്കരിക്കാനുള്ള ചെലവും കറന്റ്‌ ബില്ലും  ആവുമല്ലോ എന്ന്.



ക്രിസ്മസ് ഭൂമിയിലെ  ഭൂരിഭാഗം ആള്‍ക്കാര്‍ക്കും തണുപ്പും മഞ്ഞും  ഒക്കെ ആയിരിക്കെ , ഞങ്ങള്‍ക്ക് മാത്രം ക്രിസ്മസ് വേനലില്‍  ആണല്ലോ എന്ന ഒരു വിഷമം ഇവിടുത്തുകാര്‍ക്കുണ്ടെന്നു തോന്നുന്നു.
എവിടെയോ കണ്ട ഒരു തമാശ:






ആ വിഷമത്തെ ചൂഷണം ചെയ്യാന്‍, വാര്‍നര്‍ ബ്രതേഴ്സ്  മൂവി വേള്‍ഡ് "വൈറ്റ് ക്രിസ്മസ് " എന്ന പരിപാടി നടത്തുന്നുണ്ട്.. ഞങ്ങളും പോയി നോക്കി. കുറച്ചു കൃത്രിമ  മഞ്ഞ്  ഒക്കെ പെയ്യിച്ചു...   സാന്തയും, സാന്തയുടെ കുട്ടിച്ചാത്തന്‍മാരും സ്നോമാനും, ഫെയറികളും    ക്രിസ്മസ് പരേഡും ഒക്കെ ആയി ഒരു ബഹളം . ആളുകളെല്ലാം പക്ഷെ ഭയങ്കര ആവേശത്തിലായിരുന്നു.













അലങ്കാര വിളക്കുകള്‍ നഗരങ്ങളെ അണിയിച്ചൊരുക്കി സുന്ദരമാക്കുന്നത്  കാണാന്‍ ഒരു പ്രത്യേക ഭംഗി ആണ്. നഗര മദ്യത്തില്‍  സിറ്റി കൌണ്‍സില്‍ നടത്തുന്ന ലൈറ്റ് ആന്‍ഡ്‌ സൌണ്ട് ഷോ ഉണ്ട്. ടിക്കറ്റ്‌ ഒന്നുമില്ല,  അവിടെ ചെന്ന് നിന്ന് ആര്‍ക്കും കാണാം.നല്ല ഒരു ആള്‍ക്കൂട്ടം എപ്പോഴും അവിടെ ഉണ്ടാവും. പിന്നെ എത്ര ആള്‍ക്കൂട്ടമായാലും, ആരും മര്യാദ വിടാത്തത്‌ കൊണ്ടുള്ള സമാധാനം ഒന്ന് വേറെ തന്നെ.








ഞാന്‍ ഏറെ ശ്രദ്ധിച്ച  ഒരു  കാര്യം നമുക്ക് ഓണം പോലെ ഇവിടെ  ക്രിസ്മസിന് ഒരു ദേശീയ ഉത്സവ പരിവേഷം ആണ്.  മത വിശ്വാസികള്‍ അല്ലാത്തവരും, ട്രീ വെയ്ക്കുന്നു. വീടുകള്‍ ലൈറ്റ് കൊണ്ട് അലങ്കരിക്കുന്നു. ക്രിസ്മസ് സമ്മാനങ്ങള്‍ വാങ്ങുന്നു . കൈമാറുന്നു.  എന്‍റെ അടുത്ത സുഹൃത്തുക്കളായ രണ്ടു കുടുംബങ്ങളില്‍ ഞാന്‍ അത് കണ്ടു.  ഒന്ന് ഇവിടുത്തുകാരി ഭാര്യയും ജൂതന്‍ ഭര്‍ത്താവും; മറ്റൊന്ന് ഓസീ ഭര്‍ത്താവും ചൈനക്കാരി ഭാര്യയും.  അവരാരും മതവിശ്വാസങ്ങളൊന്നും  പിന്തുടരുന്നവരല്ല.  പള്ളി കണ്ടിട്ട് പോലുമില്ല. പക്ഷെ  അവര്‍ ക്രിസ്മസ് ആഘോഷിക്കുന്നു.  വീട് അലങ്കരിക്കുന്നു. സമ്മാനങ്ങള്‍ കൈ മാറുന്നു. അത് കാണുമ്പോള്‍ ക്രിസ്മസിന് പുതിയ ഒരു  മാനം കൈ വരുന്നത് പോലെ. വടക്കേ ഇന്ത്യന്‍ സുഹൃത്തുക്കളോടൊക്കെ പണ്ട്  ഞാന്‍ അഭിമാനത്തോടെ പറഞ്ഞിരുന്നു - കേരളത്തില്‍ ഞങ്ങളെല്ലാവരും ഓണവും  ക്രിസ്മസും ഒക്കെ ആഘോഷിക്കാറുണ്ട്.  ജാതി മത ഭേദമെന്യേ എന്ന്. ഞാന്‍ വല്ലാതെ അഹങ്കരിച്ചിരുന്ന ആ ജാതി മത ഐക്യം ഒക്കെ ഇപ്പോള്‍ നമ്മുടെ നാടിനു നഷ്ടപ്പെട്ട് തുടങ്ങുന്നു. നമുക്ക് അനാചാരങ്ങള്‍ നിലനിര്‍ത്താന്‍ ആണല്ലോ താത്പര്യം.  ബസില്‍ നിന്ന് കൊച്ചു പിച്ചടക്കം സ്ത്രീകളെ ഇറക്കിവിട്ടൊക്കെ അല്ലേ നാം ഇപ്പോള്‍ മതസ്നേഹം വളര്‍ത്തുന്നത്.


ഇവിടുത്തുകാര്‍ക്ക് ഇന്ത്യന്‍ ഭക്ഷണം  വളരെ ഇഷ്ടമാണ് - അവരുടെ ഭാഷയില്‍ പറഞ്ഞാല്‍ 'കറീസ്'. കുറച്ചു  സുഹൃത്തുക്കളെ  ഒക്കെ ഡിന്നറിനു  ക്ഷണിച്ചു. ഇതിനു ഉപ്പില്ല, അതിനു പുളി കുറഞ്ഞു എന്നൊക്കെ പറയുന്ന അതിഥികള്‍ക്ക് പകരം "hmmm... yum yum " എന്ന് പറഞ്ഞു അപ്പം, ഇറച്ചി കറി ഒക്കെ കഴിക്കുന്ന അതിഥികളെ ,സത്യം പറയട്ടെ എനിക്കങ്ങിഷ്ടപ്പെട്ടു (അവര്‍ക്കറിയില്ലല്ലോ ഇതിന്റെയൊക്കെ ശരിക്കുളള രുചി എന്താണെന്നു, അങ്ങനെ ഞാനും ഒരു പാചക വിദഗ്ദ്ധ  ആയി )

ഒടുവിലായി ക്രിസ്മസിന്റെ സന്തോഷം പൂര്‍ണമാക്കിയ ഒരു മലയാളി നന്മയെക്കുറിച്ച് പറയട്ടെ.. .  രണ്ടു മൂന്നു വട്ടം മകളുടെ  നീന്തല്‍ ക്ലാസ്സില്‍ കണ്ടു സംസാരിച്ച പരിചയം മാത്രമേ ഉള്ളെങ്കിലും ക്രിസ്മസ് ദിനത്തില്‍ ഞങ്ങളെ ഭക്ഷണത്തിന് ക്ഷണിച്ച ഒരു മലയാളിയുടെ  സ്നേഹം :)  ബന്ധുക്കളൊന്നും  അടുത്തില്ലാതെ ഒറ്റയ്ക്കാവുമല്ലോ ക്രിസ്മസിന് എന്ന് ദുഖിച്ച ഞങ്ങള്‍ക്ക് അതൊരു അദ്ഭുതവും സന്തോഷവും ആയി. ജീവിതത്തെ പ്രകാശ പൂരിതമാക്കുന്ന കൊച്ചു കൊച്ചു നന്മകള്‍.   അതേ, ഉത്സവങ്ങള്‍    ഏതായാലും അത് പറയുന്നത് സ്നേഹത്തിന്റെയും കരുതലിന്റെയും  നന്മയുടെയും കഥകളാണ്. നമുക്ക് മറ്റുള്ളവര്‍ക്ക് വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്ത്,  പങ്കു വെച്ച് നമ്മുടെ ഉത്സവങ്ങളെ അര്‍ത്ഥ പൂര്‍ണമാക്കാന്‍ ശ്രമിക്കാം. എല്ലാവര്ക്കും ക്രിസ്മസ് മംഗളങ്ങള്‍.



Monday, December 15, 2014

ഞാന്‍ നിങ്ങളുടെ ഒപ്പമുണ്ട് #‎illridewithyou‬

അങ്ങനെ മണിക്കൂറുകള്‍ നീണ്ട ആ ഭീകര നാടകം അവസാനിച്ചു. സിഡ്നിയില്‍ രണ്ടു നിഷ്കളങ്ക ജീവനുകള്‍ പൊലിഞ്ഞു. സമാധാന പ്രേമികളായ ഒരു ജനത ഭയത്തോടെയും, അവിശ്വാസത്തോടെയും പക്ഷെ ധീരതയോടെയും ആ ഭീകര ആക്രമണം അതിജീവിച്ചു. Terrorism  ഭയാനകമാണ്. അതെവിടെ ആണെങ്കിലും. അത് നേരിട്ട് അനുഭവിക്കേണ്ടി വന്നവര്‍ക്കും, നഷ്ടങ്ങള്‍ നേരിടേണ്ടി വന്ന കുടുംബങ്ങള്‍ക്കും അനുശോചനങ്ങള്‍.

എല്ലാ  മുസ്ലിം ഭീകര ആക്രമണങ്ങള്‍ക്ക് ശേഷവും, ഏറ്റവും അധികം ബാധിക്കപ്പെടുന്ന  ഒരു കൂട്ടരാണ് സാധാരണ മുസ്ലിങ്ങള്‍. വെറുപ്പും ഭയവും കലര്‍ന്ന നോട്ടങ്ങളും, comment കളും, ചിലപ്പോള്‍ കൈയേറ്റം വരെയും അവര്‍ക്ക് നേരിടേണ്ടി വരുന്നു. എന്തിന്? മുസ്ലിം വിശ്വാസിയായി എന്ന കുറ്റത്തിനോ...  ആ സാഹചര്യത്തില്‍ ആണ് ഓസ്ട്രേലിയയിലെ #‎illridewithyou‬ എന്ന പ്രചാരണത്തിന്‍റെ പ്രസക്തി.

http://www.abc.net.au/news/2014-12-15/illridewithyou-hashtag-takes-off-following-siege/5969102
അത് തുടങ്ങിയത് ഇങ്ങനെ ആണ്. ഈ ഭീകര ആക്രമണത്തിനിടയില്‍ ട്രെയിന്‍ യാത്രയില്‍  Rachael Jacobs  എന്ന ഓസ്ട്രേലിയക്കാരി ട്രെയിനില്‍ അടുത്തിരുന്ന മുസ്ലിം സ്ത്രീ  ഹിജാബ് ഊരി  മാറ്റുന്നത് കണ്ടു. സ്റ്റേഷനില്‍ ഇറങ്ങിയ ശേഷം റേച്ചല്‍ അവരുടെ പിന്നാലെ ഓടി എത്തി പറഞ്ഞു - "അത് തിരിച്ചിടൂ, ഞാന്‍ നിങ്ങളുടെ ഒപ്പം നടക്കാം". അവര്‍ കരഞ്ഞു,  റേച്ചലിനെ കെട്ടിപ്പിടിച്ചു. എന്നിട്ട് ഒറ്റയ്ക്ക് നടന്നു. റേച്ചല്‍ ഈ സംഭവം അവരുടെ  facebook പേജില്‍ ഷെയര്‍ ചെയ്തു.  അത് കണ്ട Tessa Kum എന്ന സ്ത്രീ അവരുടെ ട്വിറ്റെര്‍ അക്കൗണ്ടില്‍ എഴുതി - "മതപരമായ വസ്ത്രം അണിഞ്ഞു ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ ഭയക്കുന്നെങ്കില്‍ പറയൂ, ഞാന്‍ നിങ്ങളുടെ കൂടെ യാത്ര ചെയ്യാം  #‎illridewithyou‬". അതിശയകരമായ പ്രതികരണങ്ങളാണ് പിന്നെ ഉണ്ടായത്.  അങ്ങനെ ട്വിറ്റെറിലെ #‎illridewithyou‬ എന്ന പ്രചരണം തുടങ്ങി. അത്  അത്ഭുതാവഹമായി വളര്‍ന്നു.

എനിക്ക് അപ്പോള്‍ ഓര്‍മ വന്നത് കുറെ നാളുകള്‍ക്കു മുന്‍പ് നമ്മുടെ ഇന്ത്യയില്‍ ഒരു terrorist അറ്റാക്ക്‌ കഴിഞ്ഞ നാളുകളില്‍ എന്‍റെ ഭര്‍ത്താവു പറഞ്ഞ ഒരു സംഭവം ആണ്. ഓഫീസില്‍ ഒരു മീറ്റിംഗ് നു വേണ്ടി റൂം അന്വേഷിച്ചു നടക്കുന്നതിനിടയില്‍ ഒരു മീറ്റിംഗ് റൂമില്‍ നിസ്കരിക്കുന്ന രണ്ടു മനുഷ്യരെ കണ്ടു. ഒപ്പമുണ്ടായിരുന്ന ഒരാള്‍ പറഞ്ഞു 'നമുക്ക് ദൂരെ പോവാം, ബോംബുണ്ടെങ്കിലോ'.   "അത് കേട്ട്  എല്ലാവരും ചിരിച്ചു. പക്ഷെ എനിക്ക് എന്‍റെ മുസ്ലിം സുഹൃത്തുക്കളെ ഓര്‍മ വന്നു , എനിക്ക് വിഷമം തോന്നി "  എന്നു പറഞ്ഞ  ഭര്‍ത്താവിന്‍റെ ആ വിഷമം എനിക്കും മനസിലാവും. ഒറ്റ നോട്ടത്തില്‍ നിര്‍ദോഷം എന്ന് തോന്നാവുന്ന ഒരു തമാശ. പക്ഷെ എത്ര വലിയ ഒരു hatred  agenda ആണ് അത് പ്രചരിപ്പിക്കുന്നതെന്നു  ഇത്തരം തമാശകള്‍ പറയുന്നതിനു മുന്‍പ് നമ്മള്‍ ഒന്ന് ആലോചിക്കുന്നത് നന്നാവും.

ഓസ്ട്രേലിയക്കാരുടെ ഈ പ്രവര്‍ത്തി എന്നെ അദ്ഭുതപ്പെടുത്തുന്നില്ല.  ഞാന്‍ അത് പലപ്പോഴും അനുഭവിച്ചിട്ടുള്ളതാണ്, മറ്റുള്ളവരോടുള്ള പരിഗണനയില്‍, നമ്മളെക്കാളൊക്കെ എത്ര മുന്നിലാണ് അവര്‍ എന്ന്.  ഉദാഹരണത്തിന് ഓരോ പാര്‍ടിയിലും ഞങ്ങളുടെ തവിട്ടു തൊലി കണ്ടു ഞങ്ങള്‍ മുസ്ലിം അല്ലെങ്കില്‍ ഹിന്ദു ആയേക്കാം  എന്ന് വിചാരിച്ചു 'അത് ബീഫ് ആണ്',  'അത് പോര്‍ക്ക്‌ ആണ്' എന്ന് മുന്നറിയിപ്പ് തരുന്ന ഓസീസ്. അവര്‍ക്കത്‌ ചെയ്യേണ്ട ആവശ്യമില്ല. മറ്റു മതങ്ങളോടും  സംസ്കാരങ്ങളോടും ഉള്ള  അവരുടെ ബഹുമാനവും,  മറ്റു മനുഷ്യരോടുള്ള കരുതലും സ്നേഹവും ഒക്കെ ആണ് അത് പ്രകടമാക്കുന്നത്. നമുക്ക് കണ്ടു പഠിക്കാവുന്ന കുറെ നന്മകള്‍.

 അതെ സമയം, അവിടെ നമ്മുടെ ആര്‍ഷ ഭാരതത്തില്‍ ക്രിസ്മസ് എന്ന ഒരു ഉത്സവം ഇല്ലാതാക്കാന്‍ നമ്മുടെ സര്‍ക്കാര്‍  ശ്രമം തുടങ്ങി കഴിഞ്ഞിരിക്കുന്നു. ഒരു അമേരിക്കന്‍ പ്രസിദ്ധീകരണത്തില്‍ വായിച്ചത് ഓര്‍മ വരുന്നു - 'ഇന്ത്യക്കാര്‍ മറ്റെവിടെ പോയാലും ന്യൂനപക്ഷ അവകാശങ്ങള്‍ ഉറപ്പാക്കാന്‍ ശ്രമിക്കും, അവര്‍ അവിടെ ന്യൂനപക്ഷം ആയതു കൊണ്ട്. അമേരിക്ക അവരെ നന്നായി ട്രീറ്റ്‌ ചെയ്യണം എന്ന് അവര്‍ ആവശ്യപ്പെടുന്നു, പക്ഷെ ഇതേ ആള്‍ക്കാര്‍ അവരുടെ സ്വന്തം നാട്ടില്‍ ന്യൂനപക്ഷ വിരുദ്ധത പ്രചരിപ്പിക്കുന്നു , കാരണം അവിടെ അവര്‍ ഭൂരിപക്ഷമാണല്ലോ'.  അതേ, #‎illridewithyou‬ എന്ന സ്നേഹ പ്രചാരണത്തില്‍ നിന്ന് നമുക്ക് ഒരുപാടു പഠിക്കാനുണ്ട്. എന്നെങ്കിലും, നാമും ഇവരെ പോലെ വളരും എന്ന് പ്രതീക്ഷിക്കുന്നു, മതങ്ങള്‍ക്കും,  ജാതികള്‍ക്കും, തൊലിയുടെ നിറത്തിനും അപ്പുറത്തെ മനുഷ്യസ്നേഹം മനസിലാക്കും എന്ന് പ്രത്യാശിക്കുന്നു.

Wednesday, December 10, 2014

ശോഭനയും ഷോക്ക് ട്രീറ്റ്മെന്റ്റും


ഉടവാള്‍ ഉറയില്‍ നിന്നെടുത്താല്‍ പിന്നെ രക്തം കാണാതെ തിരിച്ചിടാന്‍ പാടില്ല എന്നല്ലേ... പേന ഉന്തി തുടങ്ങിയ സ്ഥിതിക്ക് ഇനി വിപ്ലവം വിരിയിക്കാനുള്ള ശ്രമം തുടങ്ങാം  അല്ലേ ..

 "വരൂ ഈ തെരുവുകളിലേക്ക്‌ വരൂ, ഈ തെരുവുകളിലെ ചുംബനം കാണൂ " എന്ന്  വിപ്ലവ കവിത നമുക്ക്  തിരുത്തി എഴുതാമെന്ന് തോന്നുന്നു.  ചുംബന സമരത്തെ പറ്റി ആദ്യം എഴുതിയപ്പോള്‍, സത്യം പറയട്ടെ... ആ തീ ഇത്ര ആളി പടരുമെന്ന് വിചാരിച്ചില്ല.  പരസ്യമായി  ചുംബിക്കുന്നത് ശരിയോ തെറ്റോ ആവട്ടെ,  ആ സമര രീതിക്ക് ലഭിച്ച ശ്രദ്ധ , മറ്റേതു രീതിയില്‍ പ്രതിഷേധിച്ചാലും ലഭിക്കില്ലായിരുന്നു എന്നത് എല്ലാവരും സമ്മതിക്കും എന്ന് തോന്നുന്നു.    കേരളം എന്ന ഭ്രാന്താലയത്തിനു ഒരു shock treatment ആവശ്യമായിരുന്നു. അതു നല്‍കുന്നതില്‍  ഈ സമരം വിജയിച്ചു. ആ shock treatment  ഭ്രാന്ത് കുറച്ചോ  കൂട്ടിയോ എന്നത് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു.

 എത്ര എത്ര മനുഷ്യരുടെയാണ്  കപട സദാചാര വാദങ്ങളും, പൊള്ളയായ മുഖം മൂടികളും വെളിയില്‍ വരുന്നത്.  ക്യാമറ പുറത്തു കൊണ്ടു വന്നില്ലായിരുന്നു എങ്കില്‍  മലയാളി ഹൌസിലെ വിക്രിയകള്‍ തെറ്റാവില്ലായിരുന്നു എന്ന മലയാളത്തിന്‍റെ സൈദ്ധാന്ധിക ഗുരുവിന്‍റെ വാക്കുകളില്‍ ഭൂരിപക്ഷം  മലയാളിയുടെ സദാചാര ബോധം ഉപസംഹരിക്കാം എന്ന് തോന്നുന്നു.  ഒന്നും തെറ്റല്ല, മറ്റൊരാള്‍ അത് കാണാത്തിടത്തോളം കാലം,  മറ്റാരും അറിയാത്തിടത്തോളം കാലം. വല്ലാത്ത ഒരു സദ്‌ ആചാരം.

മാന്യത  മലയാളിക്കെന്നും ഒരു മൂടുപടമാണല്ലോ. മറ്റാരെങ്കിലും ഉള്ളപ്പോള്‍ എടുത്തണിയേണ്ട ഒരു ആഭരണം. കാഴ്ചക്കാര്‍ ഇല്ലാത്തപ്പോള്‍ മാറ്റി വെയ്ക്കുന്ന ഒരു മുഖപടം.  സ്വകാര്യതയില്‍ നിങ്ങള്‍ പെണ്ണിനെ അവളുടെ അനുവാദമില്ലാതെ  പീഡിപ്പിച്ചോളൂ..... പരസ്യമാകാത്തിടത്തോളം അത് തെറ്റല്ല.  പക്ഷെ  പരസ്യമായി  പരസ്പര അനുവാദത്തോടെ നിങ്ങള്‍ സ്നേഹം പ്രകടിപ്പിക്കുന്നത് തെറ്റാണ് എന്ന മുഖം മൂടി.  നിയമങ്ങള്‍ അനുസരിക്കുന്നത് നിയമ പാലകരുടെ പിടിയില്‍ പെടാതിരിക്കാനാണ്  എന്ന ചിന്ത പോലെ. പിടിക്കപ്പെടില്ല  എന്ന ഉറപ്പുണ്ടെങ്കില്‍ നിയമ ലംഘനങ്ങള്‍ തെറ്റാവില്ല എന്ന വക്ര ബുദ്ധി.  ആദര്‍ശങ്ങളും സത്യസന്ധതയും ഒക്കെ പഴങ്കഥകള്‍, വിലയില്ലാത്ത നാണയത്തുട്ടുകള്‍.

എല്ലാവരും അമ്മമാരെയും പെങ്ങന്മാരേയും പെണ്മക്കളെയും പറ്റി ഓര്‍ത്തു വ്യകുലരാവുന്നു. ഒപ്പമുള്ള  ആണുങ്ങളെ പറ്റി ആരും ചിന്തിക്കുന്നില്ല.  "consent" എന്ന ഒരു  വാക്ക് മലയാളി കേട്ടിട്ട് പോലുമില്ല. പെണ്ണ് എന്നും അവനു  ഒരു ചരക്ക് ആണല്ലോ.  ആരൊക്കെയോ സംരക്ഷിക്കേണ്ട ഒരു വസ്തു. കല്യാണം വരെ അപ്പനാങ്ങളമാരും പിന്നെ ഭര്‍ത്താവും  ചങ്ങലയ്ക്കിട്ടു സുരക്ഷിതമായി കൊണ്ട് നടക്കേണ്ട  ഒരു വളര്‍ത്തുമൃഗം.  ആ വളര്‍ത്തു മൃഗം കൂട് തകര്‍ത്തു  പുറത്തിറങ്ങി  സ്വതന്ത്രമായി നടക്കുന്നത്  അവനു സഹിക്കാനാവുന്നതിനപ്പുറമാണ്.  പുരുഷന്  വഴങ്ങി ജീവിക്കുന്നതും പുരുഷന്‍റെ വിജയത്തിന് വേണ്ടി പ്രാര്‍ത്ഥിച്ചു  അവന്‍റെ പിന്നില്‍ നില്‍ക്കുന്നതുമാണ്  ഉത്തമയായ  സ്ത്രീയുടെ ലക്ഷണങ്ങള്‍ എന്ന് അവന്‍ അവന്‍റെ വേദ പുസ്തകങ്ങളില്‍ എഴുതി വെച്ചിരിക്കുന്നു.  അത് കാണിച്ചു പെണ്മക്കളെ  അനുസരണയുടെ വഴിയില്‍ വളര്‍ത്തുന്നു. ചീത്തപ്പേരും, ദുഷ്കീര്‍ത്തിയും എന്ന് വേണ്ട, ചട്ടക്കൂടുകളില്‍ നിന്ന് വ്യത്യസ്തയാവാന്‍ ശ്രമിക്കുന്ന സ്ത്രീകളെ 'witch hunt '  നടത്താന്‍ ആവശ്യമായതെല്ലാം, അവന്‍ സമൂഹത്തില്‍ ഒരുക്കി വെച്ചിരിക്കുന്നു.  അധികമൊന്നും ചിന്തിക്കാതെ  ആരോ പറയുന്നതനുസരിച്ച്  ജീവിക്കുന്ന പെണ്‍കുട്ടികള്‍ക്ക് 'നല്ല കുട്ടി ' എന്ന പട്ടം ചാര്‍ത്തി കൊടുക്കുന്നു.  ബലാത്സംഗത്തിന്‍റെ  ഇരയെ,  അസമയത്ത്  പുറത്തു പോയത് കൊണ്ടല്ലേ, നല്ല കുട്ടികള്‍ അങ്ങനെ ചെയ്യില്ല എന്ന് ഒറ്റപ്പെടുത്തുന്നു.


തെറ്റിന്‍റെയും ശരിയുടേയും  അതിര്‍ വരമ്പുകള്‍ നേര്‍ത്തതാണ്. സത്യം.  എന്‍റെ ശരികള്‍ വേറൊരാളുടെ തെറ്റാവാം,  മറിച്ചും..  പക്ഷെ, എന്‍റെ ശരികള്‍ മറ്റൊരാളില്‍ അടിച്ചേല്‍പ്പിക്കുന്നത്  ഒരു വലിയ തെറ്റാണെന്ന് നാമെന്നാണാവോ തിരിച്ചറിയുന്നത്‌.  എഴുതപ്പെട്ട ഭരണഘടനയും, നിയമങ്ങളും ഒക്കെ ഉള്ള  ഒരു  രാജ്യത്തു,  അത് മാത്രം പോര, ഞാന്‍ പറയുന്നതെല്ലാം നിങ്ങള്‍ അനുസരിച്ചേ തീരൂ എന്ന് പറയുന്നവര്‍. എന്നെ പോലെ അല്ലാത്തതെല്ലാം വികൃതമാണെന്നു പറയുന്ന കുട്ടിയുടെ പോലെ ബാലിശമായ ചില ചിന്തകള്‍.

ശോഭന  എഴുതിയത് വായിച്ചു.  അപ്പോള്‍ ഓര്‍മ  വന്നത് പണ്ടൊരിക്കല്‍ ബോളിവുഡ് നടി കജോള്‍ അവരുടെ അമ്മയെ പറ്റി പറഞ്ഞത് ആണ്  - "അമ്മ മറ്റു പുരുഷന്മാരെ കെട്ടി പിടിക്കുന്നത്‌ കാണാന്‍ വയ്യ, അത് കൊണ്ട് അവരുടെ സിനിമകള്‍ കാണാറില്ല" എന്ന്.  ശോഭന എന്ന ആ മഹാ  നടിയോടുള്ള എല്ലാ ബഹുമാനത്തോടെയും ചിന്തിച്ചു പോവുകയാണ് - അവരുടെ മകള്‍ അങ്ങനെ പറഞ്ഞാലോ.. അവര്‍ പല പുരുഷന്മാരോടും  ഇഴുകി അഭിനയിച്ചത് തെറ്റല്ലേ എന്ന്.  പരപുരുഷന്‍റെ  സ്പര്‍ശനവും  ആലിംഗനവും ഒന്നും ഭാരത നാരികള്‍ക്ക്‌  യോജിച്ചതല്ല എന്ന് പറഞ്ഞാല്‍ ചെയ്തതൊക്കെ തെറ്റാണെന്ന് അവര്‍ക്ക് തോന്നുമോ. സദാചാരവും, ശരി തെറ്റുകളും ഒന്നും മറ്റാരിലും അടിച്ചേല്‍പ്പിക്കാനുള്ളതല്ല , അത്  സ്വന്തം മക്കള്‍ ആയാലും.   അവര്‍ സ്ക്രീനില്‍ ചെയ്ത  കാര്യങ്ങള്‍ അതിനു കുറെ വര്‍ഷങ്ങള്‍ക്കു മുന്‍പ് നമ്മുടെ നാട്ടില്‍ ചിന്തിക്കാന്‍ പറ്റാത്തത്ര വലിയ തെറ്റായിരുന്നു.  കാലചക്രം മുന്നോട്ടുരുണ്ടേ  തീരൂ,  പിന്നോട്ടല്ല.


'എന്‍റെ മകള്‍ ചുംബിക്കട്ടെ'  എന്നൊക്കെ എഴുതാമോ.. ഇതൊക്കെ കണ്ടു കാര്‍ന്നോന്മാര്‍ എന്ത് വിചാരിക്കും എന്ന് പറയുന്നു എന്‍റെ ചില പ്രിയപ്പെട്ടവര്‍ . ശരി തെറ്റുകളുടെ  മാനദണ്ഡം കാര്‍ന്നോന്മാര്‍ എന്ത് വിചാരിക്കും,  നാട്ടുകാര്‍ എന്ത് പറയും എന്നതിലൊക്കെ  അളക്കുന്ന ഒരു സ മൂഹം.  ഇന്നലെ ചെയ്ത  അബദ്ധങ്ങള്‍ ഇന്നത്തെ ആചാരവും,നാളത്തെ നിയമവും ആവുന്ന ഒരു സമൂഹത്തില്‍, അനുസരണം ആണ് ശരി എന്നല്ല നമ്മള്‍ മക്കളെ പഠിപ്പിക്കേണ്ടത് .  തലമുറകളുടെ ദുരാചാരങ്ങളും, നിയമങ്ങളുമല്ല, മറിച്ചു ലോജിക് ആണ് ശരിയും തെറ്റും തിരിച്ചറിയാന്‍ ഉപയോഗിക്കേണ്ടതെന്ന് എന്നാണ്  നമ്മള്‍ പുതു തലമുറയെ പഠിപ്പിക്കുക ? അന്ധമായ പിന്തുടരലുകളും അനുസരണയുമാണ് ശരി എന്ന് പഠിപ്പിച്ച് ചിന്തിക്കാന്‍ കഴിവില്ലാത്ത ഒരു തലമുറയെ വാര്‍ത്തെടുക്കാന്‍, നമ്മളെ കഴിഞ്ഞേ ആരും ഉള്ളൂ..  ഞാന്‍ ചെയ്തതു തെറ്റാണോ എന്ന് ചോദിക്കുമ്പോള്‍ 'തെറ്റല്ല, പക്ഷെ  നാട്ടുകാര്‍ എന്ത് വിചാരിക്കും'  എന്ന ഉത്തരം,  അതാണോ നമ്മള്‍ നമ്മുടെ മക്കള്‍ക്ക്‌ നല്‍കേണ്ടത്?

Tuesday, December 9, 2014

venue: our daughter's friend's birthday party.
we were about to leave and went to the hostess to say bye. The sweet and friendly lady came forward for a courtesy kiss and then suddenly stopped. Uttered something about cultural difference and blew me a kiss instead.
Back home my husband :  "you had this totally weird and freaked out expression when that lady came to hug; not so nice of you"
me : "She came to hug you?  I do not remember. And why would I freak out if she hugs you?"
him: "Not me, silly, She came to hug YOU and you freaked out"
me: "Oh.. possible.. Don't worry. I shall explain to her that I hail from a place where people get beaten up and taken to police custody for hugging/kissing. She would understand.. (and that she should get a room if she wants to hug me ;) )"

Sunday, December 7, 2014

എവിടുന്നോ കിട്ടിയത്

എവിടുന്നോ കിട്ടിയത്  :

"Kiss of love  (public kissing) ക്രൂരതയാണ്. അനാചാരമാണ്. അക്രമമാണ്. പട്ടിണി കിടക്കുന്ന മനുഷ്യരുടെ  മുന്നില്‍ നിന്ന് ബിരിയാണി കഴിക്കുന്ന പോലെ"

സത്യം  :)

ദാ.. ആ പട്ടിണി പാവങ്ങളൊക്കെ കൂടെ ബിരിയാണി തിന്നുന്നവരെ  ആക്രമിക്കുന്നു!

വാല്‍ക്കഷണം : എനിക്കു Nandi hills ല്‍ ഭക്ഷണ പൊതി തട്ടിപ്പറിച്ചോടുന്ന കുരങ്ങന്മാരെ ഓര്‍മ വരുന്നു :)