Wednesday, December 10, 2014

ശോഭനയും ഷോക്ക് ട്രീറ്റ്മെന്റ്റും


ഉടവാള്‍ ഉറയില്‍ നിന്നെടുത്താല്‍ പിന്നെ രക്തം കാണാതെ തിരിച്ചിടാന്‍ പാടില്ല എന്നല്ലേ... പേന ഉന്തി തുടങ്ങിയ സ്ഥിതിക്ക് ഇനി വിപ്ലവം വിരിയിക്കാനുള്ള ശ്രമം തുടങ്ങാം  അല്ലേ ..

 "വരൂ ഈ തെരുവുകളിലേക്ക്‌ വരൂ, ഈ തെരുവുകളിലെ ചുംബനം കാണൂ " എന്ന്  വിപ്ലവ കവിത നമുക്ക്  തിരുത്തി എഴുതാമെന്ന് തോന്നുന്നു.  ചുംബന സമരത്തെ പറ്റി ആദ്യം എഴുതിയപ്പോള്‍, സത്യം പറയട്ടെ... ആ തീ ഇത്ര ആളി പടരുമെന്ന് വിചാരിച്ചില്ല.  പരസ്യമായി  ചുംബിക്കുന്നത് ശരിയോ തെറ്റോ ആവട്ടെ,  ആ സമര രീതിക്ക് ലഭിച്ച ശ്രദ്ധ , മറ്റേതു രീതിയില്‍ പ്രതിഷേധിച്ചാലും ലഭിക്കില്ലായിരുന്നു എന്നത് എല്ലാവരും സമ്മതിക്കും എന്ന് തോന്നുന്നു.    കേരളം എന്ന ഭ്രാന്താലയത്തിനു ഒരു shock treatment ആവശ്യമായിരുന്നു. അതു നല്‍കുന്നതില്‍  ഈ സമരം വിജയിച്ചു. ആ shock treatment  ഭ്രാന്ത് കുറച്ചോ  കൂട്ടിയോ എന്നത് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു.

 എത്ര എത്ര മനുഷ്യരുടെയാണ്  കപട സദാചാര വാദങ്ങളും, പൊള്ളയായ മുഖം മൂടികളും വെളിയില്‍ വരുന്നത്.  ക്യാമറ പുറത്തു കൊണ്ടു വന്നില്ലായിരുന്നു എങ്കില്‍  മലയാളി ഹൌസിലെ വിക്രിയകള്‍ തെറ്റാവില്ലായിരുന്നു എന്ന മലയാളത്തിന്‍റെ സൈദ്ധാന്ധിക ഗുരുവിന്‍റെ വാക്കുകളില്‍ ഭൂരിപക്ഷം  മലയാളിയുടെ സദാചാര ബോധം ഉപസംഹരിക്കാം എന്ന് തോന്നുന്നു.  ഒന്നും തെറ്റല്ല, മറ്റൊരാള്‍ അത് കാണാത്തിടത്തോളം കാലം,  മറ്റാരും അറിയാത്തിടത്തോളം കാലം. വല്ലാത്ത ഒരു സദ്‌ ആചാരം.

മാന്യത  മലയാളിക്കെന്നും ഒരു മൂടുപടമാണല്ലോ. മറ്റാരെങ്കിലും ഉള്ളപ്പോള്‍ എടുത്തണിയേണ്ട ഒരു ആഭരണം. കാഴ്ചക്കാര്‍ ഇല്ലാത്തപ്പോള്‍ മാറ്റി വെയ്ക്കുന്ന ഒരു മുഖപടം.  സ്വകാര്യതയില്‍ നിങ്ങള്‍ പെണ്ണിനെ അവളുടെ അനുവാദമില്ലാതെ  പീഡിപ്പിച്ചോളൂ..... പരസ്യമാകാത്തിടത്തോളം അത് തെറ്റല്ല.  പക്ഷെ  പരസ്യമായി  പരസ്പര അനുവാദത്തോടെ നിങ്ങള്‍ സ്നേഹം പ്രകടിപ്പിക്കുന്നത് തെറ്റാണ് എന്ന മുഖം മൂടി.  നിയമങ്ങള്‍ അനുസരിക്കുന്നത് നിയമ പാലകരുടെ പിടിയില്‍ പെടാതിരിക്കാനാണ്  എന്ന ചിന്ത പോലെ. പിടിക്കപ്പെടില്ല  എന്ന ഉറപ്പുണ്ടെങ്കില്‍ നിയമ ലംഘനങ്ങള്‍ തെറ്റാവില്ല എന്ന വക്ര ബുദ്ധി.  ആദര്‍ശങ്ങളും സത്യസന്ധതയും ഒക്കെ പഴങ്കഥകള്‍, വിലയില്ലാത്ത നാണയത്തുട്ടുകള്‍.

എല്ലാവരും അമ്മമാരെയും പെങ്ങന്മാരേയും പെണ്മക്കളെയും പറ്റി ഓര്‍ത്തു വ്യകുലരാവുന്നു. ഒപ്പമുള്ള  ആണുങ്ങളെ പറ്റി ആരും ചിന്തിക്കുന്നില്ല.  "consent" എന്ന ഒരു  വാക്ക് മലയാളി കേട്ടിട്ട് പോലുമില്ല. പെണ്ണ് എന്നും അവനു  ഒരു ചരക്ക് ആണല്ലോ.  ആരൊക്കെയോ സംരക്ഷിക്കേണ്ട ഒരു വസ്തു. കല്യാണം വരെ അപ്പനാങ്ങളമാരും പിന്നെ ഭര്‍ത്താവും  ചങ്ങലയ്ക്കിട്ടു സുരക്ഷിതമായി കൊണ്ട് നടക്കേണ്ട  ഒരു വളര്‍ത്തുമൃഗം.  ആ വളര്‍ത്തു മൃഗം കൂട് തകര്‍ത്തു  പുറത്തിറങ്ങി  സ്വതന്ത്രമായി നടക്കുന്നത്  അവനു സഹിക്കാനാവുന്നതിനപ്പുറമാണ്.  പുരുഷന്  വഴങ്ങി ജീവിക്കുന്നതും പുരുഷന്‍റെ വിജയത്തിന് വേണ്ടി പ്രാര്‍ത്ഥിച്ചു  അവന്‍റെ പിന്നില്‍ നില്‍ക്കുന്നതുമാണ്  ഉത്തമയായ  സ്ത്രീയുടെ ലക്ഷണങ്ങള്‍ എന്ന് അവന്‍ അവന്‍റെ വേദ പുസ്തകങ്ങളില്‍ എഴുതി വെച്ചിരിക്കുന്നു.  അത് കാണിച്ചു പെണ്മക്കളെ  അനുസരണയുടെ വഴിയില്‍ വളര്‍ത്തുന്നു. ചീത്തപ്പേരും, ദുഷ്കീര്‍ത്തിയും എന്ന് വേണ്ട, ചട്ടക്കൂടുകളില്‍ നിന്ന് വ്യത്യസ്തയാവാന്‍ ശ്രമിക്കുന്ന സ്ത്രീകളെ 'witch hunt '  നടത്താന്‍ ആവശ്യമായതെല്ലാം, അവന്‍ സമൂഹത്തില്‍ ഒരുക്കി വെച്ചിരിക്കുന്നു.  അധികമൊന്നും ചിന്തിക്കാതെ  ആരോ പറയുന്നതനുസരിച്ച്  ജീവിക്കുന്ന പെണ്‍കുട്ടികള്‍ക്ക് 'നല്ല കുട്ടി ' എന്ന പട്ടം ചാര്‍ത്തി കൊടുക്കുന്നു.  ബലാത്സംഗത്തിന്‍റെ  ഇരയെ,  അസമയത്ത്  പുറത്തു പോയത് കൊണ്ടല്ലേ, നല്ല കുട്ടികള്‍ അങ്ങനെ ചെയ്യില്ല എന്ന് ഒറ്റപ്പെടുത്തുന്നു.


തെറ്റിന്‍റെയും ശരിയുടേയും  അതിര്‍ വരമ്പുകള്‍ നേര്‍ത്തതാണ്. സത്യം.  എന്‍റെ ശരികള്‍ വേറൊരാളുടെ തെറ്റാവാം,  മറിച്ചും..  പക്ഷെ, എന്‍റെ ശരികള്‍ മറ്റൊരാളില്‍ അടിച്ചേല്‍പ്പിക്കുന്നത്  ഒരു വലിയ തെറ്റാണെന്ന് നാമെന്നാണാവോ തിരിച്ചറിയുന്നത്‌.  എഴുതപ്പെട്ട ഭരണഘടനയും, നിയമങ്ങളും ഒക്കെ ഉള്ള  ഒരു  രാജ്യത്തു,  അത് മാത്രം പോര, ഞാന്‍ പറയുന്നതെല്ലാം നിങ്ങള്‍ അനുസരിച്ചേ തീരൂ എന്ന് പറയുന്നവര്‍. എന്നെ പോലെ അല്ലാത്തതെല്ലാം വികൃതമാണെന്നു പറയുന്ന കുട്ടിയുടെ പോലെ ബാലിശമായ ചില ചിന്തകള്‍.

ശോഭന  എഴുതിയത് വായിച്ചു.  അപ്പോള്‍ ഓര്‍മ  വന്നത് പണ്ടൊരിക്കല്‍ ബോളിവുഡ് നടി കജോള്‍ അവരുടെ അമ്മയെ പറ്റി പറഞ്ഞത് ആണ്  - "അമ്മ മറ്റു പുരുഷന്മാരെ കെട്ടി പിടിക്കുന്നത്‌ കാണാന്‍ വയ്യ, അത് കൊണ്ട് അവരുടെ സിനിമകള്‍ കാണാറില്ല" എന്ന്.  ശോഭന എന്ന ആ മഹാ  നടിയോടുള്ള എല്ലാ ബഹുമാനത്തോടെയും ചിന്തിച്ചു പോവുകയാണ് - അവരുടെ മകള്‍ അങ്ങനെ പറഞ്ഞാലോ.. അവര്‍ പല പുരുഷന്മാരോടും  ഇഴുകി അഭിനയിച്ചത് തെറ്റല്ലേ എന്ന്.  പരപുരുഷന്‍റെ  സ്പര്‍ശനവും  ആലിംഗനവും ഒന്നും ഭാരത നാരികള്‍ക്ക്‌  യോജിച്ചതല്ല എന്ന് പറഞ്ഞാല്‍ ചെയ്തതൊക്കെ തെറ്റാണെന്ന് അവര്‍ക്ക് തോന്നുമോ. സദാചാരവും, ശരി തെറ്റുകളും ഒന്നും മറ്റാരിലും അടിച്ചേല്‍പ്പിക്കാനുള്ളതല്ല , അത്  സ്വന്തം മക്കള്‍ ആയാലും.   അവര്‍ സ്ക്രീനില്‍ ചെയ്ത  കാര്യങ്ങള്‍ അതിനു കുറെ വര്‍ഷങ്ങള്‍ക്കു മുന്‍പ് നമ്മുടെ നാട്ടില്‍ ചിന്തിക്കാന്‍ പറ്റാത്തത്ര വലിയ തെറ്റായിരുന്നു.  കാലചക്രം മുന്നോട്ടുരുണ്ടേ  തീരൂ,  പിന്നോട്ടല്ല.


'എന്‍റെ മകള്‍ ചുംബിക്കട്ടെ'  എന്നൊക്കെ എഴുതാമോ.. ഇതൊക്കെ കണ്ടു കാര്‍ന്നോന്മാര്‍ എന്ത് വിചാരിക്കും എന്ന് പറയുന്നു എന്‍റെ ചില പ്രിയപ്പെട്ടവര്‍ . ശരി തെറ്റുകളുടെ  മാനദണ്ഡം കാര്‍ന്നോന്മാര്‍ എന്ത് വിചാരിക്കും,  നാട്ടുകാര്‍ എന്ത് പറയും എന്നതിലൊക്കെ  അളക്കുന്ന ഒരു സ മൂഹം.  ഇന്നലെ ചെയ്ത  അബദ്ധങ്ങള്‍ ഇന്നത്തെ ആചാരവും,നാളത്തെ നിയമവും ആവുന്ന ഒരു സമൂഹത്തില്‍, അനുസരണം ആണ് ശരി എന്നല്ല നമ്മള്‍ മക്കളെ പഠിപ്പിക്കേണ്ടത് .  തലമുറകളുടെ ദുരാചാരങ്ങളും, നിയമങ്ങളുമല്ല, മറിച്ചു ലോജിക് ആണ് ശരിയും തെറ്റും തിരിച്ചറിയാന്‍ ഉപയോഗിക്കേണ്ടതെന്ന് എന്നാണ്  നമ്മള്‍ പുതു തലമുറയെ പഠിപ്പിക്കുക ? അന്ധമായ പിന്തുടരലുകളും അനുസരണയുമാണ് ശരി എന്ന് പഠിപ്പിച്ച് ചിന്തിക്കാന്‍ കഴിവില്ലാത്ത ഒരു തലമുറയെ വാര്‍ത്തെടുക്കാന്‍, നമ്മളെ കഴിഞ്ഞേ ആരും ഉള്ളൂ..  ഞാന്‍ ചെയ്തതു തെറ്റാണോ എന്ന് ചോദിക്കുമ്പോള്‍ 'തെറ്റല്ല, പക്ഷെ  നാട്ടുകാര്‍ എന്ത് വിചാരിക്കും'  എന്ന ഉത്തരം,  അതാണോ നമ്മള്‍ നമ്മുടെ മക്കള്‍ക്ക്‌ നല്‍കേണ്ടത്?

No comments:

Post a Comment