Tuesday, October 28, 2014

ചുംബനവും സദാചാരവും - ചില സ്ത്രീ (പക്ഷ) ചിന്തകള്‍


ഓര്‍മ വെച്ച നാള്‍ മുതല്‍ ജനനിയും ജന്മഭൂമിയും സ്വര്‍ഗത്തേക്കാള്‍ ശ്രേഷ്ഠ മാണെ ന്നൊക്കെ വായിച്ചു വളര്‍ന്നത്‌ കൊണ്ടാവും "ഭാരതമെന്ന പേര് കേട്ടാല്‍ അഭിമാനപൂരിതമാകുന്ന ഒരു അന്തരംഗവും, കേരളമെന്നു കേട്ടാല്‍ ഞരമ്പുകളില്‍ തിളയ്ക്കുന്ന ചോരയും" ഒക്കെ ആയിരുന്നു എന്റേത്. കുണ്ട് കിണറ്റിലെ തവള കുഞ്ഞായ ഞാന്‍ വേറെ ഒരിടവും കണ്ടിട്ടില്ലായിരുന്നു എന്നത് സത്യം. പക്ഷേ ഒരിക്കലും സ്വന്തം രാജ്യത്തെക്കാള്‍ മറ്റൊരിടം ഇഷ്ടപ്പെടാന്‍ ആവും എന്ന് ഞാന്‍ വിചാരിച്ചിരുന്നില്ല.

അതെല്ലാം പഴയ കഥ. ഇപ്പോള്‍ ആദ്യമായി മാതൃ രാജ്യം വിട്ടു പുറത്തു വന്നപ്പോള്‍, സത്യം പറയട്ടെ - എനിക്കിവിടം ഇഷ്ടപ്പെട്ടു. അല്ല - സുന്ദരമായ പാതകളും വീടുകളും സൌകര്യങ്ങളും വൃത്തിയും അതിസുന്ദരമായ കടല്‍ തീരങ്ങളും പച്ചപ്പ് പുതച്ച നഗര വീഥികളും ഒന്നുമല്ല അതിനു കാരണം. അയല്‍ വീട്ടിലെ ഇലയെക്കാളും സ്വന്തം വീട്ടിലെ പട്ടിണി ആണ് അഭിമാനം എന്ന് വിശ്വസിക്കുന്ന എന്നെ മോഹിപ്പിക്കാന്‍ ഒരിക്കലും അയല്‍ നാടിന്‍റെ സമ്പല്‍ സമൃദ്ധിക്കാവില്ല..
 
പിന്നെ എന്താണ് എനിക്കിവിടം ഇഷ്ടമാവാനുള്ള കാരണം എന്നല്ലേ - എനിക്കിവിടെ സുരക്ഷിതത്വം തോന്നുന്നു. എന്‍റെ നാട്ടില്‍ ഞാന്‍ ഒരിക്കലും അനുഭവിച്ചിട്ടില്ലാത്ത ഒന്ന്. ഞാനൊരു ബിക്കിനി ഇട്ടു ഇറങ്ങിനടന്നാല്‍പോലും ആരും എന്നെ കണ്ണ് കൊണ്ട് പോലും റേപ് ചെയ്യില്ല  എന്നബോധം . മദാമ്മമാരുടെ ഇടയില്‍ഞാനൊരു കരിങ്കുരങ്ങ് ആയതു കൊണ്ടു ആണ് എന്ന് വിചാരിക്കണ്ട. ഹോളിവുഡ് സുന്ദരി മാരെ വെല്ലുന്ന സുന്ദരി മദാമ്മമാര്‍ പോലും ബിക്കിനി ഇട്ടു കടല്‍ തീരത്ത് നടക്കുമ്പോള്‍ ഒരൊറ്റ പുരുഷനും അവരെ കണ്ണ് കൊണ്ട് പാനം ചെയ്യാറില്ല.

ഒരു പക്ഷേ ഒരു പെണ്ണിന് മാത്രമേ അത് മനസിലാക്കാനാവൂ.. എന്‍റെ അനുവാദം ഇല്ലാതെ ആരും എന്നെ തൊടില്ല എന്ന വിശ്വാസം, വൃത്തികെട്ട നോട്ടങ്ങള്‍ എന്‍റെ വസ്ത്രം തുളച്ചു ആത്മാവിനെ വരെ മുറിവേല്‍പിക്കില്ല എന്ന ബോധം - അതാണ് സ്വാതന്ത്ര്യം. ഭാരതാംബ എന്ന എന്‍റെ മാതൃ രാജ്യത്തു എനിക്കില്ലാത്ത സ്വാതന്ത്ര്യം. കേരളം എന്ന സ്വര്‍ഗത്തില്‍ ഞാന്‍ അനുഭവിച്ചിട്ടില്ലാത്ത സ്വാതന്ത്ര്യം.

കുട്ടിത്തം വിട്ടു മാറുന്നതിനു മുന്‍പ് വഴിയില്‍ കണ്ട വികൃത ജന്മങ്ങള്‍. അവയവങ്ങള്‍ കാട്ടിയും അറപ്പുളവാക്കുന്ന നോട്ടങ്ങള്‍ കൊണ്ടും പൊള്ളിച്ച ശപ്ത ജീവികള്‍. ബസിലും തിരക്കുള്ള സ്ഥലങ്ങളിലും വന്ന ക്ഷണിക്കാത്ത തോണ്ടലുകള്‍, തലോടലുകള്‍. ഞാന്‍ വേറെ ആരുടേയും കാര്യമല്ല പറയുന്നത്. പ്രബുദ്ധ കേരളത്തിലെ എന്‍റെ ജീവിതത്തെ പറ്റിയാണ്. പരിചയമില്ലാത്ത പുരുഷന്‍ എന്നും ഒരു ഭീകര ജീവി ആയിരുന്നു. (പരിചയമുള്ള പുരുഷന്മാര്‍ മുറിവേല്പിച്ച കുട്ടികളെ പറ്റി മറക്കുന്നില്ല, ഞാന്‍ എന്നെ കുറിച്ചു മാത്രം ആണ് പറയുന്നത്)  തോണ്ടലുകള്‍ക്കും തലോടലുകള്‍ക്കും അപ്പുറമുള്ള മുറിവുകള്‍ ഏല്‍ക്കാതെ രക്ഷപ്പെട്ടത് എന്‍റെ ഭാഗ്യം കൊണ്ടോ, അമ്മയുടെയും അമ്മൂമ്മയുടെം പ്രാര്‍ത്ഥന കൊണ്ടോ, പപ്പയുടെ കൈ ബലം കൊണ്ടോ - അറിയില്ല.

ഒരു മകള്‍ എന്നത് ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നിട്ടു കൂടെ അവള്‍ ജീവിതത്തിലേക്ക് കടന്നു വന്നപ്പോള്‍ ആദ്യം തോന്നിയത് പേടി ആണ്. ഈ സമൂഹത്തില്‍, പോറല്‍ ഏല്‍ക്കാതെ അവളെ വളര്‍ത്താന്‍ എന്താണ് വേണ്ടതെന്ന ചോദ്യം.... ഭാഗ്യമാണോ, പ്രാര്‍ത്ഥന ആണോ.. എന്തിനാണ് എന്‍റെ കുഞ്ഞിനെ സംരക്ഷിക്കാന്‍ ആവുക എന്ന്  അറിയില്ല.  ബാംഗ്ലൂര്‍ സ്കൂള്‍ സംഭവം മനസിനെ കീറി മുറിച്ചത് എന്‍റെ മകള്‍ക്കും ഏകദേശം അതേ പ്രായം ആയതു കൊണ്ടാവാം. സ്വന്തം മകളെ പറ്റി കൂടുതല്‍  ചിന്തിക്കുന്നത് സ്വാര്‍ത്ഥത ആവാം, പക്ഷെ, എന്‍റെ ഏറ്റവും വലിയ ഉത്തരവാദിത്വം അതല്ലേ - അവളുടെ സുരക്ഷ.

കോഴിക്കോട് സംഭവവും ചുംബന സമരവും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഈ സമയത്ത്, കേരളത്തിലെ സദാചാര പോലീസിനോട് ഞാന്‍ - ജീവിതത്തിന്‍റെ സിംഹ ഭാഗവും കേരളത്തില്‍ ജീവിച്ച ഒരു മലയാളി പെണ്ണ് ; ചെറുതാണെങ്കിലും  (അധമന്മാര്‍ക്ക്‌ വയസു പ്രശ്നമല്ലല്ലോ ; മൂന്നോ നൂറോ ആയാലും)  ഒരു പെണ്‍കുട്ടിയുടെ അമ്മ  -  പറയട്ടെ : നിങ്ങളുടെ, എന്‍റെ കേരളത്തില്‍ അനുഭവിച്ചതിന്‍റെ നൂറിരട്ടി സുരക്ഷ, പരസ്യമായി ആളുകള്‍ ചുംബിക്കുന്ന ഈ സ്ഥലത്ത് ഞാന്‍ അനുഭവിക്കുന്നു. പര്‍ദയിട്ടു കേരളത്തില്‍ നടക്കുന്ന പെണ്ണുങ്ങള്‍ പോലും അനുഭവിക്കുന്ന തറച്ചു നോട്ടവും തോണ്ടലും പീഡനങ്ങളും , ബിക്കിനി ഇട്ടു ഈ ബീച് കളില്‍ നടക്കുന്ന ഒരു പെണ്ണിനും അനുഭവിക്കേണ്ടി വരില്ല. പിന്നെ ആര്‍ക്കു വേണ്ടിയാണു നിങ്ങള്‍ സദാചാരം ഉറപ്പിക്കുന്നത്?

വ്യക്തിപരമായി പരസ്യ സ്നേഹ പ്രകടനത്തിനെ ഇഷ്ടപ്പെടാത്ത ഞാന്‍, ഒരു മലയാളിയുടെ എല്ലാ വികാരങ്ങളോടും കൂടെ പറയട്ടെ, എന്‍റെ മകള്‍ പരസ്യമായി ചുംബിക്കുന്നത് എനിക്ക് പ്രശ്നമല്ല;  അതവളുടെ സമ്മതത്തോടെ ആയിരിക്കുന്നിടത്തോളം കാലം. പക്ഷെ, എന്‍റെ മകളുടെ സമ്മതം ഇല്ലാതെ ഒരു ഞരമ്പ്‌ രോഗി അവളുടെ രോമത്തില്‍ പോലും തൊടുന്നത് എനിക്ക് സഹിക്കില്ല. അത് കൊണ്ട് തന്നെ, അവസരം കിട്ടിയാല്‍, എന്‍റെ മകള്‍ ഇവിടെ വളരുന്നതാണ് എനിക്കിഷ്ടം. കേരളം എന്ന് കേള്‍ക്കുമ്പോള്‍ ഇന്നും എന്‍റെ ഞരമ്പുകളില്‍ ചോര തിളയ്ക്കുമെങ്കിലും, ജന്മഭൂമിയെ ഞാന്‍ പ്രാണ വായു പോലെ സ്നേഹിക്കുന്നെങ്കിലും. കാരണം ഞാന്‍ ആദ്യം ഒരു അമ്മ ആണ്, പിന്നെ ഒരു സ്ത്രീയും!.. എന്‍റെ മകളുടെ സുരക്ഷ ആണ് എനിക്കേറ്റവും വലുത്.

ഇനിയെങ്കിലും നിങ്ങള്‍ മനസിലാക്കൂ... ഞങ്ങള്‍ പെണ്ണുങ്ങള്‍ ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍ അനുഭവിക്കുന്നത് എന്താണെന്ന്. പെണ്ണുങ്ങളുടെ ശരീരത്തിലേക്ക് അവളുടെ സമ്മതത്തോടെ അല്ലാതെ ഉള്ള കടന്നു കയറ്റങ്ങള്‍ എതിര്‍ക്കാന്‍ നോക്കൂ.. അല്ലാതെ അവള്‍ അവളുടെ കാമുകനെ ചുംബിക്കുന്നത് ഒളിഞ്ഞു നോക്കി "എനിക്കും വേണം" എന്ന ആര്‍ത്തിയോടെ, അവരെ ആക്രമിക്കാതെ. പെണ്ണ് ഒരു വസ്തുവല്ല; നിങ്ങളെ പോലെ എല്ലാ അവകാശങ്ങളും ഉള്ള ഒരു മനുഷ്യന്‍ ആണ്.



13 comments:

  1. Wow! Great Article di. You gave me goosebumps!

    ReplyDelete
    Replies
    1. Thank you di Anu.. For a sec I was like "who is krishnaveni"... (nice handle btw) Then I read your blog...Why don't you start writing about your cake making? :)

      Delete
  2. True ... so true.. n well written... shud get more people to read this ;)

    ReplyDelete
    Replies
    1. Thank you Lijoy.. :) Just saw your blog.. Keep writing dear poet..

      Delete
  3. പെണ്ണിനു മാത്രമല്ല 'മോം', അല്പം ചിന്തിക്കുന്ന, ചുറ്റുപാടുകളെ കുറിച്ച് അല്പമെങ്കിലും അറിവുള്ള ആര്‍ക്കും മനസ്സിലാകും ഈ വികാരം. അത് നന്നായി എഴുത്തിലൂടെ പ്രകടിപ്പിച്ചിരിക്കുന്നു. സൂപ്പര്‍!!

    കൂടുതല്‍ എഴുതുക:)

    ReplyDelete
    Replies
    1. Thank you Sandeep. I feel happy to see people who understand that. And the same time terrified to see the creepy ways in which some sexist minds work!

      Delete
    2. forget about the sexist minds, those AHs! Keep writing and don't look at comments:)

      Delete
  4. വൃത്തിയായി കാര്യങ്ങൾ പറഞ്ഞിരിക്കുന്നു മാഡം.ഞരൻപു രോഗികളായ ഒരു സമൂഹത്തെ ചികിത്സിക്കണ്ട time ആയി..

    ReplyDelete
  5. "പെണ്ണ് ഒരു വസ്തുവല്ല; നിങ്ങളെ പോലെ എല്ലാ അവകാശങ്ങളും ഉള്ള ഒരു മനുഷ്യന്‍ ആണ്." തികച്ചും സത്യം....!!!

    ReplyDelete