Wednesday, October 1, 2014

ചില ചിന്തകള്‍

വെറുതെ ഒന്നുകൂടെ ഇത് വായിച്ചപ്പോള്‍ തോന്നി , ആകെ വിഷാദമയം ആണോ എന്ന്.. പണ്ടെന്നോ "ശോക കാവ്യങ്ങള്‍എഴുതുന്നതല്ല കഴിവ്, പി കുഞ്ഞിരാമന്‍ നായരെ പോലെ എഴുതുന്നതാണ് കഴിവ്" എന്ന് പറഞ്ഞ കൂട്ടുകാരനോട് തര്‍ക്കിച്ചതോര്‍മ വരുന്നു. Our sweetest songs are those that tell of saddest thought എന്നു Shelley യും ശോകത്തില്‍ നിന്നാണ് ശ്ലോകമുണ്ടാകുന്നതെന്ന് വാല്മീകിയും പറഞ്ഞിട്ടുണ്ടെന്ന്.. ശോകത്തിന്‍റെ സംഗീതമാണ് ഏറ്റവും സുന്ദരം എന്ന് ഞാന്‍ വിശ്വസിക്കുന്നെങ്കിലും  എഴുതുന്നതു കഥയോ കവിതയോ അല്ലാത്തത് കൊണ്ട് അതിനിവിടെ പ്രസക്തി ഇല്ല എന്നറിയാം :)  ഓര്‍മകള്‍ക്കൊരു അടുക്കും ചിട്ടയും ഇല്ലാത്തതു കൊണ്ടും നഷ്ടപ്പെട്ടവ എപ്പോഴും ഏറ്റവും പ്രിയപ്പെട്ട ഓര്‍മകള്‍ ആവുന്നതു കൊണ്ടും, ആദ്യം മനസിലേക്ക് വന്നതൊക്കെയും വിട്ടു പോയവരുടെ ഓര്‍മകളാണ്.. അത്ര മാത്രം.

ജീവിതം തീരെ ചെറുതാണെന്നും ഓരോ നിമിഷവും അതിന്‍റെ പൂര്‍ണതയില്‍ ജീവിക്കണം എന്നും വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. വേദനിപ്പിച്ച ചില സുഹൃത്തുക്കളെ പറ്റിയുള്ള ഓര്‍മകള്‍ പോലും ഒഴിവാക്കാന്‍ ശ്രമിക്കാറുണ്ട്. ക്ഷമിക്കുന്നതും മറക്കുന്നതും അല്ലേ സന്തോഷത്തിലേക്കുള്ള വാതില്‍ :)

മണ്മറഞ്ഞു പോയ പ്രിയപ്പെട്ടവരെ ഓര്‍ക്കുമ്പോഴും ആദ്യം വരുന്ന ചിന്ത അതല്ലേ.. ജീവിതം എത്ര ചെറുതാണ്. ഏതു നിമിഷവും കൈ വിട്ടു പോയേക്കാവുന്ന സൗഭാഗ്യം... അഞ്ചു വയസുകാരിയുടെ പൊട്ടിച്ചിരികളില്‍, മുടിയിഴകളെ തലോടുന്ന കാറ്റില്‍, മഴത്തുള്ളികളില്‍ പുളകിതയാവുന്ന ഭൂമിയുടെ ഗന്ധത്തില്‍, കാലിനെ ഇക്കിളിപ്പെടുത്തുന്ന തിരയുടെ സ്പര്‍ശത്തില്‍, ആസ്വദിച്ച് കഴിക്കുന്ന ഒരു ഊണില്‍, പ്രിയപ്പെട്ടവരുടെ ഒരു സ്നേഹ വാക്കില്‍  ഒക്കെ ഞാന്‍ അനുഭവിക്കുന്നു.. ആ സൗഭാഗ്യം.. നമുക്കെല്ലാവര്‍ക്കും വേണ്ടത് അതൊക്കെ തന്നെ അല്ലേ.. ഇത്തിരി സ്നേഹം, അതിന്റെ സന്തോഷങ്ങള്‍ :)

No comments:

Post a Comment